• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബാലഗോകുലം പരിപാടിയ്ക്ക് പോയത് പിശക്'; പാർട്ടി നടപടി ശരിയാണെന്ന് മേയർ ബീനാ ഫിലിപ്പ്

'ബാലഗോകുലം പരിപാടിയ്ക്ക് പോയത് പിശക്'; പാർട്ടി നടപടി ശരിയാണെന്ന് മേയർ ബീനാ ഫിലിപ്പ്

'എന്റെ പാര്‍ട്ടിയല്ലേ, പാര്‍ട്ടിയല്ലേ എന്നെ മേയറാക്കിയത്. പാര്‍ട്ടി എടുത്ത തീരുമാനത്തോട് എനിക്ക് പൂര്‍ണ യോജിപ്പ് തന്നെയാണ്. എനിക്ക് അന്നൊരു പിശക് സംഭവിച്ചു അത്രയേ ഉള്ളു'

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകാണെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പാർട്ടി എടുത്ത നടപടി ശരിയാണെന്നും ബീന ഫിലിപ്പ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പാര്‍ട്ടി എടുത്ത നിലപാടിനോട് യോജിക്കുന്നു. എന്‍റെ പാർട്ടിയല്ലേ, പാർട്ടി എടുത്ത നടപടി ശരിയാണ്'- ബീന ഫിലിപ്പ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയെന്നും അവർ വ്യക്തമാക്കി.

    തിരുവനന്തപുരത്ത് എത്തിയത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ്. നാലു ദിവസം മുന്‍പ് തീരുമാനിച്ച പരിപാടിയാണിതെന്നും ബീന ഫിലിപ്പ് പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നും കഴമ്പില്ല. നാലഞ്ച് ദിവസം മുമ്പ് നിശ്ചയിച്ച പരിപാടിയാണിത്. മേയര്‍ എന്ന നിലയില്‍ അമൃതിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇന്ന് രാവിലെ ഇവിടെയെത്തിയത്. രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടാകുമെന്നും കോഴിക്കോട് മേയര്‍ വ്യക്തമാക്കി.

    'എന്റെ പാര്‍ട്ടിയല്ലേ, പാര്‍ട്ടിയല്ലേ എന്നെ മേയറാക്കിയത്. പാര്‍ട്ടി എടുത്ത തീരുമാനത്തോട് എനിക്ക് പൂര്‍ണ യോജിപ്പ് തന്നെയാണ്. എനിക്ക് അന്നൊരു പിശക് സംഭവിച്ചു അത്രയേ ഉള്ളു. പാര്‍ട്ടിക്ക് എന്നെ അറിയാം. അല്ലാതെ മറ്റ് ആശയക്കുപ്പങ്ങളൊന്നുമില്ല. പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയുന്ന ഒരു നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. എനിക്കതിനോട് പൂര്‍ണ യോജിപ്പാണ്ട- ബീന ഫിലിപ്പ് പറയുന്നു. അതേസമയം വിവാദം ഉണ്ടായി നാലു ദിവസം കഴിഞ്ഞാണ് മേയർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

    ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പിന്‍റെ നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. സംഭവത്തില്‍ മേയര്‍ക്കെതിരെ കൂടുതൽ നടപടി വേണോയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കും. ബാലഗോകുലം പരിപാടില്‍ പങ്കെടുത്ത മേയറിന്‍റെ നടപടിയെ സിപിഎം പരസ്യമായി തള്ളിയിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ മേയര്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

    Also Read- 'സംഘപരിവാർ വേദിയിൽ മേയർ സംസാരിച്ച നിലപാട് ശരിയായില്ല'; ബീന ഫിലിപ്പിനെ തള്ളി സിപിഎം

    മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പി മോഹനന്‍ പ്രസ്താവനയില്‍ പറയുന്നു.

    ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല താന്‍ പരിപാടിക്ക് പോയതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പ്രതികരിച്ചു. മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോഴാണ് പരിപാടിക്കു പോയത്. മാതൃ സമ്മേളനത്തിൽ ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വ്യക്തമാക്കി.
    Published by:Anuraj GR
    First published: