കൊച്ചി: കനത്ത പ്രതിഷേധത്തിന് നടുവിൽ സ്വർണക്കടത്തു കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ബംഗളുരുവിൽനിന്ന് സ്വപ്നയെയും സന്ദീപിനെയുംകൊണ്ട് എൻഐഎ സംഘം യാത്ര തിരിച്ചത്. രണ്ടുവാഹനങ്ങളിലായാണ് സ്വപ്നയെയും സന്ദീപിനെയും കേരളത്തിലേക്കുകൊണ്ടുവന്നത്.
വനിതാ ഓഫീസർ ഉൾപ്പടെ പത്തംഗ എൻഐഎ സംഘമാണ് പ്രതികളെ കൊണ്ടുവന്നത്. എൻഐഎ സംഘം പതിനൊന്നരയോടെ വാളയാർ അതിർത്തി കടന്നു കേരളത്തിലേക്കു കടന്നു. ഇടയ്ക്കു കതിരാനിൽവെച്ച് സ്വപ്ന ഉണ്ടായിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. ഇതേത്തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്കുമാറ്റി. പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കായി പ്രതികളുടെയും ഉദ്യോഗസ്ഥരുടെയും സ്രവം ശേഖരിക്കുകയും ചെയ്തു.
സ്വർണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് സ്വപ്നയും സന്ദീപും കേരളം വിട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയ സ്വപ്ന പിന്നീട് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സന്ദീപിനൊപ്പം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. എസ് ക്രോസ് കാറിലാണ് ഇവർ സംസ്ഥാനം വിട്ടത്. വ്യാഴാഴ്ചയാണ് ഇവർ ബംഗളുരുവിലെത്തിയത്.
ഇരുവരെയും ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ബംഗളുരുവിലെ ഹോട്ടലിൽനിന്നു പിടികൂടുകയായിരുന്നു. സന്ദീപ് സഹോദരന്റെ ഫോണിലേക്ക് വിളിച്ചതാണ് നിർണായകമായത്. ഈ ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സ്വപ്നയും സന്ദീപ് നായരും പിടിയിലായ വാർത്ത News 18 കേരളമാണ് ആദ്യം പുറത്തുവിട്ടത്.
TRENDING:Gold Smuggling Case Live | NIA സംഘം അതിവേഗം കൊച്ചിയിലെത്തും; ബഹുദൂരം പിന്നിട്ടു [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]
യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.