കൊച്ചി: കേവലമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കുന്നു എന്ന നാടോടി പാട്ട് പോലെയാണ് സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളുടെ വിലാപമെന്ന് സൂചിപ്പിച്ചാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള വിധിന്യായം ആരംഭിക്കുന്നത്. കള്ളക്കടത്തുകാരായ തങ്ങളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നുവെന്നാണ് പ്രതികളുടെ വാദം. രേഖകള്‍ ആഴത്തില്‍ പരിശോധിച്ചതില്‍ കോടതിക്കും ഇക്കാര്യം തന്നെയാണ് തോന്നുന്നതെന്ന് വിധിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളും സാക്ഷിമൊഴികളും പരിശോധിച്ചതില്‍ തീവ്രവാദബന്ധം തെളിയിക്കുന്നതിന് പര്യാപ്തമായ ഒരു തെളിവുകളുമില്ലെന്ന് കോടതി വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ തീവ്രവാദക്കുറ്റം നിലനില്‍ക്കുകയുമില്ല. എന്നാല്‍ വിചാരണവേളയില്‍ ഉചിതമായ തെളിവുകള്‍ ലഭിച്ചാല്‍ പ്രത്യേക കോടതിയ്ക്ക് യുഎപിഎ കുറ്റം ചുമത്താമെന്നും കോടതി പറഞ്ഞു.
പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
നയതന്ത്ര ബാഗേജിലൂടെയുടെയുളള സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയടക്കം പ്രതികളുടെ ജാമ്യാപേക്ഷയിന്‍മേലുള്ള ഹൈക്കോടതിയുടെ ഉത്തരവിലാണ് സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസ് തന്നെ പ്രതിസന്ധിയിലാക്കുന്ന പരമാര്‍ശങ്ങളുള്ളത്. സ്വപ്ന സുരേഷ് , പി.ആര്‍.സരിത്, റമീസ്, ജലാല്‍, റബിന്‍സ്, ഷറഫുദീന്‍, മുഹമ്മദാലി എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
25 ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിലോ സമാന കുറ്റകൃത്യങ്ങളിലോ ഏര്‍പ്പെടരുത്, മുന്‍കൂര്‍ അറിയിപ്പില്ലാതെ താമസ സ്ഥലം മാറ്റരുത്, താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എല്ലാ ആഴ്ചയിലും ഹാജരാവണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ച് ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയാല്‍ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് സ്വപ്ന സുരേഷിന് മോചിതയാകാം. കസ്റ്റംസ്, ഇ.ഡി.കേസുകളിലെ ജാമ്യവ്യവസ്ഥകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ മറ്റു പ്രതികള്‍ക്ക് പുറത്തിറങ്ങാനാവില്ല. ഇഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ നേരത്തെ സ്വപ്നയ്ക്ക് ജാമ്യം നല്‍കിയിരുന്നു. സ്വപ്നയ്‌ക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
രാജ്യത്ത് എന്‍ഐഎ ഏറ്റെടുത്ത ആദ്യ സ്വര്‍ണ്ണക്കടത്തുകേസ് ആയിരുന്നു തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വര്‍ണ്ണക്കടത്തുകേസ്. കേസിന്റ കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ പ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാണ്. സന്ദീപ് അടുത്തിടെ ജയില്‍ മോചിതനായിരുന്നു.
2020 ജൂൺ 30ന് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേറ്റിന്റെ പേരിൽ എത്തിയ നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണങ്ങളാണ് വിവാദമായ സ്വർണക്കടത്ത് കേസ്. രഹസ്യ വിവരത്തെ തുടർന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ കാർഗോ കോംപ്ലക്‌സിൽ എത്തി ബാഗേജ് തടഞ്ഞു വച്ചു. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണക്കടത്ത് പിടിക്കപ്പെടുന്നത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസിൽ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. വിമാനത്താവളത്തിൽ നിന്നു സ്വർണം കടത്തുന്നതിനു മുൻപന്തിയിൽ നിന്ന പി.എസ്. സരിത്താണ് കേസിലെ ഒന്നാം പ്രതി. എം. ശിവശങ്കർ കേസിലെ 29ാം പ്രതിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, Kerala high court, NIA