തിരൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. യുഎഇ കോണ്‍സല്‍ ജനറൽ പറഞ്ഞതനുസരിച്ച് റമദാന്‍ സമയത്തെ ഭക്ഷണകിറ്റ് വിതരണത്തിനാണ് ബന്ധപ്പെട്ടത്. ഔദ്യോഗിക ആവശ്യത്തിനാണ് വിളിച്ചത്. വിളിച്ചതൊന്നും അസമയത്തല്ലെന്നും ജലീൽ പറഞ്ഞു. മേയ് 27ന് കോണ്‍സല്‍ ജനറല്‍ അയച്ച ഫോണ്‍ സന്ദേശവും കെ.ടി.ജലീല്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.
"എല്ലാ വര്‍ഷവും റംസാനിനോടു അനുബന്ധിച്ചു യുഎഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ നല്‍കാറുണ്ട്. ഈപ്രാവശ്യം ലോക്ക്ഡൗണ്‍ ആയതുകൊണ്ട് അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് മെയ്27ന് ഭക്ഷണ കിറ്റുകള്‍ കൊടുക്കാനാഗ്രഹമുണ്ടെന്ന സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് വരുന്നത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ തരപ്പെടുത്താം എന്ന് ഞാനറിയിച്ചു. അങ്ങനെയെങ്കില്‍ സ്വപ്‌ന താങ്കളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എന്നെ മെസ്സേജില്‍ അറിയിക്കുകയായിരുന്നു", ജലീൽ പറഞ്ഞു.
ആയിരത്തോളം കിറ്റുകളാണ് എടപ്പാള്‍, തൃപ്രങ്ങോട് പ്രദേശങ്ങളില്‍ വിതരണം ചെയ്തു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ നിന്നാണ് യുഎഇ ജനറല്‍ കൗണ്‍സുലേറ്റിന്റെ അഡ്രസ്സിലേക്ക് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ ഫെഡ്ഡിന് ട്രാന്‍സ്ഫര്‍ ചെയ്തത്. സ്വപ്ന ഓഫിസില്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുഎഇ ദേശീയദിനത്തിന് ക്ഷണിക്കാന്‍ സ്വപ്ന ഓഫിസില്‍ വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.