കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വാധീനശ്രമങ്ങളും സമ്മര്ദ്ദവുമുണ്ടായിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമീത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശം ആരോപണമല്ല, വസ്തുതയാണ്. കേരളത്തിൽ മുമ്പ് ജോലി നോക്കിയിരുന്ന ഇടങ്ങളിലും ഇത്തരം പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിന്നയാളല്ല. എന്നാല്‍ ഏതു ഭാഗത്തുനിന്നുമാണ് സമ്മര്‍ദ്ദം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണത്തെ വിഡ്ഡിത്തമെന്നാണ് സുമീത് കുമാര്‍ വിശേഷിപ്പിച്ചത്. ഇത്തരം സംഭവം രാജ്യത്തെ തന്നെ ആദ്യത്തേതും കേട്ടുകേള്‍വിയില്ലാത്തതുമാണ്. കസ്റ്റംസ് സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ എന്താണവസ്ഥ. കസ്റ്റംസിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിയ്ക്കുന്നുവെന്ന ആരോപണം അസംബന്ധമാണ്.
നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റേതടക്കം ആരുടെയും സമ്മര്‍ദ്ദം തന്റേ മേലുണ്ടായിരുന്നില്ല. മറ്റുദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന് തനിയ്ക്കറിയില്ല. അന്വേഷണം അങ്ങേയറ്റം സുതാര്യമായാണ് നടന്നത്. ഭൂമിയില്‍ ഒരാള്‍ക്കും തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനോ സ്വാധീനിയ്ക്കുവാനോ കഴിയില്ലെന്നും സുമീത് കുമാര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുകേസിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തുമുള്ള കുറ്റാരോപിതര്‍ക്ക് ഷോകോസ് നോട്ടീസ് നല്കി കഴിഞ്ഞു. വിദേശകാര്യമന്ത്രാലയമാണ് ഇനി തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടത്. മുന്‍ മന്ത്രി കെ. ടി. ജലീലിന് ഡോളര്‍ കടത്തുകേസില്‍ നേരിട്ടു ബന്ധമില്ല. വിദേശത്തുള്ള ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ജലീല്‍ ബന്ധപ്പെട്ടത്. ഇക്കാര്യങ്ങള്‍ വിവിധ കേസുകളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read-
സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ടെന്ന് സി.പി.എം നേതാവിന്റെ പരാതി; കസ്റ്റംസ് കമ്മിഷണക്ക് എ.ജിയുടെ നോട്ടീസ്
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അധികാര പരിധിയേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്മ്മിപ്പിയ്ക്കേണ്ടതില്ല. സംസ്ഥാനങ്ങള്‍ രൂപീകൃതമാവും മുമ്പ് ഉണ്ടായതയാണ് കസ്റ്റംസ്. ഭരിയ്ക്കുന്ന പാര്‍ട്ടികള്‍ മാറി മാറി വരും. രാഷ്ട്രീയ ഭരണമാറ്റങ്ങള്‍ നടപടിയെടുക്കുന്നതില്‍ നിന്നും തന്നെ തടയുന്നില്ല. തന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ കേരള മുഖ്യമന്ത്രിയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. സ്ഥലം മാറ്റം തനിയ്ക്കുമാത്രമേയുള്ളു.തന്റെ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള മാറ്റം എന്നെന്നേക്കുമായുള്ളതാണെന്ന് കരുതുന്നില്ല. മറ്റു പദവികളില്‍ മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഇനിയുമുണ്ട്. മലയാളികള്‍ വലിയ സേന്ഹമാണ് നല്‍കിയത്. നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത് അടക്കം ഒരുപിടി പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജീവനക്കാരുടെ എണ്ണക്കുറവ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് കൊച്ചി കസ്റ്റംസ് പ്രവന്റീവ് കമ്മീഷണറായിരുന്ന സുമീത് കുമാറിന് മുംബൈ ബീവാണ്ടി ജി. എസ്. ടി കമ്മീഷണറായി സ്ഥലംമാറ്റം ലഭിച്ചത്. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍. സംസ്ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണ്ണക്കടത്ത് കേസുകളും കണ്ടുപിടിച്ച ഉദ്യോഗസ്ഥനായിരുന്നു സുമിത് കുമാര്‍. തിരുവന്തപുരം സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നടക്കവേയാണ് സുമിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍ അനീഷ് പി. രാജനേയും സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു സ്ഥലം മാറ്റം രാജ്യവ്യാപകമായ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി ആയിരുന്നു സ്ഥലം മാറ്റമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത അദ്ദേഹത്തിന് കസ്റ്റംസ് യാത്രയയപ്പും നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.