തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിൽ ഗവർണർ നിലപാട് മയപ്പെടുത്തുന്നു. കെടിയു വിസിയുടെ താൽക്കാലിക ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാമെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ, സർക്കാരിന് കത്തയച്ചു. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താല്പര്യമുള്ളവർക്ക് നൽകാമെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. 31ന് സിസാ തോമസ് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഗവർണർ നിലപാട് മയപ്പെടുത്തുന്നതെന്നാണ് സൂചന. കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നു. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്.
സിസയുടെ കാലാവധി ഈ വരുന്ന 31 ന് അവസാനിക്കാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം ഉപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാമെന്നാണ് രാജ്ഭവനില്‍ നിന്നുള്ള കത്ത്. കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Govenor, Government, Pinarayi