തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ സുരക്ഷിതമായ സാഹചര്യത്തിൽ ജോലി ചെയ്യിക്കാമെന്ന ഉത്തരവ് തിരുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത്ത് രാജനാണ് ആദ്യ ഉത്തരവ് ഇറക്കിയത്. സംഭവം വിവാദമായതോടെയാണ് നടപടി തിരുത്തിയത്.
അതിഥി തൊഴിലാളിയാണെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ രോഗ മുക്തരാകുന്നത് വരെ ജോലി ചെയ്യിക്കാൻ കഴിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് സെക്രട്ടറിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെ, സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍, മുന്‍കരുതലുകളോടെ, ജോലിക്ക് നിയോഗിക്കാനാണ് മുൻപത്തെ ഉത്തരവിലൂടെ അനുമതി നൽകിയിരുന്നത്. ആരോഗ്യവകുപ്പിന്റ മാർഗനിർദേശങ്ങൾക്ക് എതിരാണ് തൊഴിൽവകുപ്പിന്റെ നിർദ്ദേശം. പഴയ ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾക്ക് മാറ്റമില്ല.
കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക.
തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം. ക്വറന്റെിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം. കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലതെ വരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം അന്റിജൻ ടെസ്റ്റിന് വിധേയരാകണം. ഇതിന്റെ ചിലവ് പൂർണ്ണമായും കരാറുകാർ വഹിക്കണം. കരാറുകാർ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികൾ ക്വറന്റെിനും പരിശോധനയും സ്വന്തം ചെലവിൽ വഹിക്കണം.
വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടെൻസി സേവനങ്ങൾക്കും വരുന്നവർക്കുളള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം. ക്വാറന്റീൻ കാലത്ത് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Migrant labourers, Migrant Labours Issue, Migrant workers, Migrant workers issue