ആലപ്പുഴയില്‍ (Alappuzha) സഹപ്രവർത്തകർക്കൊപ്പം ബോട്ടു യാത്രയ്ക്കെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു (Drown To Death). പന്തളം കടയ്ക്കാട് കാക്കക്കുഴിയിൽ അബ്ദുൽ മനാഫ് (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുട്ടനാട്ടിലെ വേണാട്ടുകാട് കായലിനു സമീപത്തായിരുന്നു അപകടം.
ഹൗസ്ബോട്ടിന്റെ മുൻവശത്തുനിന്നു ചിത്രമെടുക്കുന്നതിനിടെ കൈവരിയിൽ തട്ടി മനാഫ് വെള്ളത്തിൽ വീഴുകയായിരുന്നു. പുളിങ്കുന്ന് പോലീസും ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹപ്രവർത്തകരും മറ്റു സർക്കാർ ഉദ്യോഗസ്ഥരുമടക്കം 90 പേരടങ്ങുന്ന സംഘമാണു ഹൗസ്ബോട്ട് യാത്രയ്ക്കെത്തിയതെന്നു പോലീസ് പറഞ്ഞു.
തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു
തിരുവല്ല (Thiruvalla) മല്ലപ്പള്ളിയില്‍ (Mallappally) മണിമലയാറ്റില്‍ (Manimala River) കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു (Drown To Death). തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം.
മരിച്ച രണ്ടുപേരും തിരുനെല്‍വേലിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെനിന്നാണ് എട്ട് കുട്ടികളടങ്ങുന്ന സംഘമാണ് മല്ലപ്പള്ളി പാലത്തിന് സമീപം വടക്കന്‍കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുരണ്ടുപേരെ രക്ഷിക്കാനായില്ല.
കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
'ടിക്കറ്റെടുക്കാന്‍ ഒരു രൂപ കുറവ്' യാത്രക്കാരനെ മര്‍ദിച്ച ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
ടിക്കറ്റെടുക്കാന്‍ നല്‍കിയ തുകയില്‍ ഒരു രൂപയുടെ കുറവുണ്ടായതിന് യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവം. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. 13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കാന്‍ കഴിഞ്ഞത്.
ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു.
സംഭവത്തില്‍ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ സുനില്‍, അനീഷ് എന്നിവരെ പോലീസ് പിടികൂടി. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടറും പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Drown to death