നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊടകര കുഴല്‍പ്പണക്കേസ്; പരാതിക്കാരന്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    കൊടകര കുഴല്‍പ്പണക്കേസ്; പരാതിക്കാരന്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    കേസിലെ സാക്ഷികളും പ്രതികളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
    കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ പരാതിക്കാരന്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ പരാതിക്കാരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല, കവര്‍ച്ച ചെയ്ത പണം മുഴുവനായി കണ്ടെടുത്തിട്ടില്ല. കേസിലെ സാക്ഷികളും പ്രതികളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    കവര്‍ച്ചാക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാഹചര്യതെളിവുകള്‍ മാത്രമുള്ള കേസിന്‍റെ അന്വേഷണത്തെ ബാധിക്കും. കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്തും.സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായും സര്‍ക്കാര്‍. വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

    കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ 23ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്.മൊത്തം 200 സാക്ഷികളാണ് കേസിലുള്ളത് .കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ്.

    മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
    പണം എത്തിയത് കർണാടകയിൽ നിന്നാണ്. പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്.ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിയ്ക്കുന്നത്. പണം എത്തിച്ചതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കേണ്ടത് എൻ ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ്. അതിനാൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയിൽ അറിയിച്ചു.

    Also Read-വിസ്മയ കേസില്‍ കിരണിന്റെ പിരിച്ചുവിടല്‍; സ്ത്രീ പീഡനക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് അപൂര്‍വം

    കേസിലെ പ്രതികളുടെ ജാമ്യ ഹർജി പരിഗണിയ്ക്കുന്നതിനിടെ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

    കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒന്നരമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ്റെ പ്രതികരണം. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു. സുരേന്ദ്രനടക്കമുള്ളവർക്കെതിരെ
    പ്രതികളാക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

    സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ഒരുസംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
    Published by:Jayesh Krishnan
    First published:
    )}