• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമലയിൽ ഉപയോഗ ശൂന്യമായ ശർക്കര ഉപയോഗിച്ചിട്ടില്ല, കോടതിയിൽ റിപ്പോർട്ട് നൽകി സർക്കാർ

Sabarimala | ശബരിമലയിൽ ഉപയോഗ ശൂന്യമായ ശർക്കര ഉപയോഗിച്ചിട്ടില്ല, കോടതിയിൽ റിപ്പോർട്ട് നൽകി സർക്കാർ

നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
കൊച്ചി:കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമെ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പരിശോധനയില്‍ നിശ്ചിത ഗുണനിലവാരുണ്ടെന്ന് തെളിയിയ്ക്കുന്ന ശര്‍ക്കരയടക്കമുള്ള സാമഗ്രികള്‍ സന്നിധാനത്ത് ഉപയോഗിക്കാറുള്ളൂ. നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-21 വര്‍ഷം നിര്‍മിച്ച ശര്‍ക്കരയാണ് അരവണയ്ക്കും അപ്പത്തിനുമായി നിലവില്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സന്നിധാനത്ത് ഉപയോഗശൂന്യമായ ഹലാല്‍ ശര്‍ക്കര ഉപയോഗിയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.2019 -20 കാലത്തെത്തിച്ച മൂന്നേകാല്‍ ലക്ഷം ടണ്‍ ശര്‍ക്കര ഉപയോഗിയ്ക്കാവില്ലെന് കണ്ടെത്തി സന്നിധാനത്തേക്ക് കയറ്റി അയച്ചിരുന്നില്ല.

കോവിഡ് പ്രതിസന്ധി മൂലം സന്നിധാനത്ത് പ്രസാദ നിര്‍മ്മാണം നടക്കാത്ത സാഹചര്യമായിരുന്നു. ഈ ശര്‍ക്കര പിന്നീട് കാട്ടില്‍ കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും ആനശല്യമുണ്ടായതോടെ ശ്രമം ഉപേക്ഷിച്ച് ലേലത്തില്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹര്‍ജിക്കാരന് എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് കോടതി പറഞ്ഞു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര പതിച്ചത് ആചാരലംഘനമാണെന്നതടക്കമുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യങ്ങള്‍ ഇന്നത്തെ കോടതി നടപടികളില്‍ പരാമര്‍ശിയ്ക്കപ്പെട്ടില്ല.

ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹലാല്‍ (Halal) മുദ്രയുള്ള ശര്‍ക്കര (Jaggery) ദേവസ്വം ബോര്‍ഡ് (Devaswom Board) ശബരിമലയില്‍ (Sabarimala) നിന്നും തിരിച്ചയച്ചു. 2019ല്‍ മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രീകരിച്ചുള്ള വര്‍ദ്ധനന്‍ കമ്പനിക്കായിരുന്നു ശബരിമലയിലേക്കുള്ള ശര്‍ക്കര വിതരണത്തിന്റെ കരാര്‍ നല്‍കിയിരുന്നത്.

ലേല നടപടികളിലൂടെയാണ് കമ്പനി ശര്‍ക്കര വിതരണം ഏറ്റെടുത്തത്. അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ശര്‍ക്കര സന്നിധാനത്ത് എത്തിച്ചത്. ആ വര്‍ഷത്തേക്ക് ആവശ്യമായ ടണ്‍ കണക്കിന് ശര്‍ക്കരയാണ് കമ്പനി അന്ന്സന്നിധാനത്ത് എത്തിച്ചത്.കോവിഡിനെ തുടര്‍ന്ന് 2019ല്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വന്നപ്പോള്‍ ഇറക്കിയ ശര്‍ക്കരക്ക് ഉപയോഗമില്ലാതായി. ശര്‍ക്കരുടെ കാലവധി ഒരു വര്‍ഷമെന്ന് പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ കമ്പനിയുടെ ശര്‍ക്കര ചാക്കിന് മുകളിലെ ഹലാലാല്‍ എന്ന എഴുത്തിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയായതിനാലാണ് കവറിന് മുകളില്‍ ഹലാലെന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചിരുന്നു.. ഈ എഴുത്തിന്റെ പേരിലായിരുന്നു വിവാദം ഉയര്‍ന്നത്. എന്തായാലും ഈ വിവാദത്തിടയിലാണ് കാലപ്പഴം ചെന്ന ശര്‍ക്കര ശബരിമലയില്‍ നിന്നും ഒഴിവാക്കുന്നത്.

385000 കിലോ ശര്‍ക്കരാണ് കാലപഴക്കം മൂലം ഉപയോഗ ശൂന്യമായത്. ഇത് നീക്കം ചെയ്യുവാന്‍ സ്വകാര്യ വ്യക്തിക്കാണ് കരാര്‍. ആലപ്പുഴ നൂറനാട് സ്വദേശി സേതുവാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശം മൂലമാണ് ശര്‍ക്കര നീക്കം ചെയ്യുന്നതെന്നും, ചാക്ക് ഒന്നിന് 16 രൂപ 50 പൈസ നിരക്കിലാണ് ഇതിന്റെ കരാര്‍. വളത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലേക്കാണ് ശര്‍ക്കര മാറ്റുന്നതെന്ന് സേതു ന്യൂസ് 18 നോട് പറഞ്ഞു.
Published by:Jayashankar AV
First published: