• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം ഇല്ല

KSRTC പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം ഇല്ല

ഭരണകക്ഷി യൂണിയനായ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സമരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ മറ്റൊരു ഭരണകക്ഷിയായ യൂണിയനായ എഐടിയുസി പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

  • Share this:
    തിരുവനന്തപുരം: പണിമുടക്കിനെ നേരിടാൻ കെഎസ് ആർടിസിയിൽ (KSRTC) ഡയസ്നോൺ (dies-non) പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. വ്യാഴാഴ്ച അർധ രാത്രിമുതലാണ് പണിമുടക്ക്. അതേസമയം മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം. ഭരണകക്ഷി യൂണിയനായ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സമരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ മറ്റൊരു ഭരണകക്ഷിയായ യൂണിയനായ എഐടിയുസി പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

    ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

    ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചനാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.

    പത്തിനകം ശമ്പളം നൽകും; പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഗതാഗതമന്ത്രി

    പണിമുടക്ക് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

    കെഎസ്ആർടിസി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകൾക്ക് അറിയാം. പത്താം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം യൂണിയനുകൾ ചർച്ചയിൽ അംഗീകരിച്ചതാണ്. എന്നാല്‍ പുറത്തിറങ്ങിയ ബിഎംഎസ് മറിച്ചാണ് പറഞ്ഞത്. പത്താം തീയതി എന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎൻടിയുസി ചർച്ചയിൽ തന്നെ വ്യക്തമാക്കിയത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    പണിമുടക്കിലേക്ക് പോയാൽ ഇപ്പോഴത്തെ വരുമാനം പോലും നിലക്കുന്ന സാഹചര്യമുണ്ടാകും. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
    Published by:Rajesh V
    First published: