കൊച്ചി: വിവാദങ്ങക്കിടെ കിറ്റക്സ് കമ്പനിയുമായി അനുരഞ്ജന നീക്കവുമായി സർക്കാർ. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റക്സിലെത്തി ചെയർമാൻ സാബു എം ജേക്കബിനെ നേരിൽ കണ്ട് പരാതികൾ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയൊള്ളുവെന്നാണ് സാബു എം ജേക്കബിന്റെ നിലപാട്.
വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിനെതിരെ കിറ്റക്സ് ചെയർമാൻ സാബു എം ജേക്കബ് രംഗത്ത് വന്നത് . കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് അനുരഞ്ജന നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റക്സ് കമ്പനിയിൽ എത്തി സാബു ജേക്കബില്‍ നിന്ന് വിവരങ്ങൾ തേടി. അദ്ദേഹത്തിന്റെ പരാതികൾ സ്വീകരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർക്ക് ഇവർ റിപ്പോർട്ട് നൽകും.
വ്യവസായ വകുപ്പ് മന്ത്രി ഉൾപ്പെടെ അനുരഞ്ജനത്തിന് ശ്രമിക്കുമ്പോൾ ചില ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും നോട്ടീസ് അയക്കുക ആണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തുന്നു. തന്റെ സ്ഥാപനവുമായി ബന്ധമില്ലാത്ത നിയമം ഉപയോഗിച്ചാണ് നോട്ടീസ് അയക്കുന്നത്. 76 നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഇൻസ്പെക്ടർ രണ്ടാം തീയതി നോട്ടീസ് നൽകിയതായും സാബു എം ജേക്കബ് പറയുന്നു.
കിറ്റക്സ് കമ്പനിയിൽ നിന്ന് കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുകുന്നതിന് പരിശോധനകളിൽ തെളിവില്ല എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ അറിയിച്ചതായി വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ ബിജു പി എബ്രഹാം പറഞ്ഞു.പരാതിയുണ്ടെങ്കിൽ ബാബു ജേക്കബിന് സർക്കാരിന് നേരിട്ട് അറിയിക്കാമായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കിറ്റക്സ് വിവാദം കേരളം വ്യവസായികൾക്ക് അനുകൂലമല്ല എന്ന് പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്ന് കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. അതുകൊണ്ടാണ് വിഷയം വേഗത്തിൽ പരിഹരിക്കാൻ തീരുമാനിച്ചതും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.