തിരുവനന്തപുരം: വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വറന്റീൻ ചെലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇതാണോ സർക്കാരിന്റെ കരുതൽ. പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ സർക്കാർ പുലർത്തിയ നിഷേധ സമീപനത്തിന്റെ കാരണം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നാലായിരത്തിലധികം കോടി രൂപ ബാക്കിയാകുമ്പോൾ ആണ് സർക്കാരിന്റെ കൈയിൽ കാശില്ല എന്ന ന്യായം മുഖ്യമന്ത്രി പറഞ്ഞത്. കോവിഡ് റിലീഫിനും നൂറുക്കണക്കിന് കോടി രൂപ സർക്കാർ സമാഹരിച്ചു. സർക്കാർ ജീവനക്കാരുടെ ശബളത്തിൽ നിന്ന് 2500 കോടി രൂപയാണ് കോവിഡ് റിലീഫിനായി സർക്കാർ പിടിച്ചെടുക്കുന്നത്. ഈ തുകയെല്ലാം എന്തിന് വേണ്ടിയാണ് സർക്കാർ ശേഖരിച്ച് വെച്ചിരിക്കുന്നത്.
You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
പത്ര സമ്മേളനങ്ങളിൽ പ്രവാസികളെ കുറിച്ച് മധുര വർത്തമാനങ്ങൾ പറയുകയും പാവപ്പെട്ട പ്രവാസികൾ അവിടുന്ന് വരുന്നവരായത് കൊണ്ട് ചെലവ് സ്വന്തമായി വഹിക്കണമെന്ന് പറയുകയും ചെയ്യുന്ന ക്രൂരമായ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഈ പ്രവാസി ദ്രോഹത്തിന് സർക്കാർ വലിയ വില കൊടുക്കേണ്ടി വരും. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചിലവിൽ സൗകര്യം തേടുന്നുണ്ട്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യസൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളാണ്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കൈയിലെ അവശേഷിക്കുന്ന പണം പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടിയടക്കം പല സംഘടനകളും സൗജന്യ ടിക്കറ്റ് നൽകാൻ തയ്യാറായിട്ടും സംസ്ഥാന സർക്കാർ അതിന് സന്നദ്ധമായിരുന്നില്ല. ഇപ്പോൾ ക്വറന്റീൻ ചാർജ് കൂടി പ്രവാസികളിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പ്രവാസികളെ ചൂഷണം ചെയ്യൽ മാത്രമാണ് സർക്കാരിന്റെ നയമെന്ന് വ്യക്തമായിരിക്കുന്നു. സർക്കാർ തയാറല്ലെങ്കിൽ പ്രവാസികളുടെ ക്വറന്റീൻ ഉത്തരവാദിത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും ഏൽപിക്കാൻ സർക്കാർ തയാറാകണമെന്നും പ്രവാസികൾക്ക് സാധ്യമായ രീതിയിൽ സൗജന്യ ക്വറന്റീൻ സൗകര്യം ഏർപ്പെടുത്താൻ വെൽഫെയർ പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.