മതവിദ്വേഷ പ്രസംഗം (Hate Speech) നടത്തിയ മുന്‍ എംഎല്‍എ പി.സി ജോർജിന്റെ (PC George) ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണായകമാണ്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഫോർട്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു.
അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പോലീസിന് കഴിഞ്ഞില്ലെന്ന വിമർശനവുമായാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സർക്കാർ വാദം പറയാൻ അഭിഭാഷകൻ ഹാജരായിരുന്നില്ല. എന്നാൽ ജാമ്യം നൽകിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി.സി ജോർജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സർക്കാർ അപേക്ഷ നൽകിയത്.
Also Read- പി സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാര്‍ കോടതിയിൽ
അതേസമയം മതവിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോര്‍ജിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വീണ്ടും കേസെടുത്തത്. പാലാരിവട്ടം പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153 A 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.
പിസിയുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതിയിലെത്തുമ്പോള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന സര്‍ക്കാര്‍ വാദത്തെ സാധൂകരിക്കുന്നതിന് പുതിയ കേസ് ഫലം ചെയ്യുമെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. ജാമ്യം റദ്ദാക്കിയിലെങ്കിലും കൊച്ചിയിൽ രജിസ്റ്റർ ചെയ് കേസിൽ പോലീസിന്‍റെ വരും ദിവസങ്ങളിലുള്ള നീക്കം പിസി ജോര്‍ജിന് നിർണായകമാകും.
പി.സി ജോര്‍ജിന്‍റെ കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന് വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി അനില്‍കാന്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
സംഘടനയെ അപകീര്‍ത്തിപ്പെടുത്തി; '50ലക്ഷം നഷ്ടപരിഹാരം വേണം'; പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് പിസി ജോര്‍ജിന്(PC George) ജമാഅത്തെ ഇസ്ലാമി(Jama Athe Islami) കേരളാ ഘടകം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
എന്നാല്‍ സംഘടനയ്ക്ക് ഒരു കൊലപാതക കേസിലോ ക്രിമനില്‍ കേസിലോ ആരോപണം നേരിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Also Read- മതവിദ്വേഷ പ്രസംഗം; പി.സി ജോർജിനെതിരെ വീണ്ടും കേസ്
പരമാര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അപകീര്‍ത്തിയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി അഡ്വ. അമീന്‍ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ് തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊതുപരിപാടികളില്‍ പങ്കെടുത്തപ്പോഴും ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ പ്രസംഗം ആവര്‍ത്തിച്ചു
സാക്ഷിയെ സ്വാധീനിക്കരുതെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ജോര്‍ജ് പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bail, Kerala police, Pc george