• HOME
 • »
 • NEWS
 • »
 • kerala
 • »
 • Supplyco | ഭക്ഷ്യമന്ത്രി ഇടപെട്ടു; സപ്ലൈക്കോ വില വർദ്ധനവ് പിൻവലിച്ചു

Supplyco | ഭക്ഷ്യമന്ത്രി ഇടപെട്ടു; സപ്ലൈക്കോ വില വർദ്ധനവ് പിൻവലിച്ചു

വിലകൂട്ടിയവയില്‍ അരിയും മുളകും ഉള്‍പ്പടെ  12 ഇനങ്ങളുടെ വില വര്‍ധനയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്

GR Anil

GR Anil

 • Share this:
  തിരുവനന്തപുരം: സപ്ലൈക്കോ നിത്യോപയോഗ സാധനങ്ങളുടെ കൂട്ടിയ വില പിന്‍വലിച്ച് സർക്കാർ .  വിലകൂട്ടിയവയില്‍ അരിയും മുളകും ഉള്‍പ്പടെ  12 ഇനങ്ങളുടെ വില വര്‍ധനയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത് .

  സബ്സിഡി നിരക്കിലുള്ള 13 അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടിയിരുന്നില്ലെന്നും പൊതുവിപണിയില്‍ വിലകൂട്ടിയാല്‍ ഇടപെടുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
  50 പൈസ മുതൽ 10 രൂപ വരെയാണ് ഭക്ഷ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കുറച്ചത്.വന്‍പയറിന്‍റെ വില 98 രൂപയായി കൂട്ടിയത് അതില്‍ നിന്ന് നാലു രൂപ കുറച്ചു 94 രൂപയാക്കി. മുളകിന് 8 രൂപയും മല്ലിക്ക് 4 രൂപയും ചെറുപയര്‍ പരിപ്പിന് 10 രൂപയും പിരിയന്‍ മുളകിന് 9 രൂപയും കുറച്ചു. കടുകിനും പീസ് പരിപ്പിനും 4 രൂപ വീതം കുറച്ചു. ജീരകത്തിന്റെ വില 14 രൂപ കുറച്ചു 210 ല്‍ നിന്ന് 196 ആയി.

  പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി എന്നിവയ്ക്ക് അന്‍പതു പൈസ വീതം വര്‍ധിപ്പിച്ചതും പിന്‍വലിച്ചതായി ഭക്ഷ്യ മന്ത്രി  ജി ആര്‍ അനില്‍ പറഞ്ഞു. വെളിച്ചെണ്ണ ,ചെറുപയര്‍ തുവര, പരിപ്പ്, വന്‍കടല, പച്ചരി ഉള്‍പ്പടെ 13 അവശ്യസാധനങ്ങള്‍ക്ക്  വില വര്‍ധന നടപ്പാക്കിയിട്ടില്ലെന്നും ഭക്ഷ്യമന്ത്രി അവകാശപ്പെട്ടു.

  സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലകുറവ് നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടിയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. സബ്സിഡി ഉള്ള 13 ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. 85 ശതമാനവും സപ്ലെക്കോ യിൽ വിൽക്കുന്നത് സബ്സിഡി ഉൽപന്നങ്ങളാണ്. 35 ഇനം ഭക്ഷ്യ വസ്തുക്കൾ പൊതുവിപണിയെക്കാൾ കുറച്ചാണ് വിൽക്കുന്നതെന്നും മന്ത്രി അറിയിച്ചു.

  നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്

  തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan).

  ഈ മാസം ഒന്നിന് വില  പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്ന‍ത്.

  പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന്   അദ്ദേഹം പറഞ്ഞു.

  മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമായും മാനസികമായും തകര്‍ത്തൊരു ജനതയെയാണ് സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്. അധികമായി ലഭിക്കുന്ന ഇന്ധന നികുതി വേണ്ടെന്നുവച്ചാല്‍ തന്നെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചു നിര്‍ത്താമായിരുന്നു.

  പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും പിന്‍വാതില്‍ നിയമനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം ഉന്നയിച്ചു.

  തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധതയും നടപ്പാക്കാനുള്ള ലൈസന്‍സായി കാണരുത്. വിലക്കയറ്റത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

  Also read- കുർബാന ഏകീകരണം; സമരം കർദിനാളിനെതിരെ തിരിക്കാൻ വിമത വിഭാഗം

  അതേ സമയം സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ . മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് കിലോയ്ക്ക്  310 രൂപയാണ് വില . തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ  പച്ചക്കറി ക്ഷാമം രൂക്ഷമാണ് . വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം കണ്ടില്ല.

  Also read- കാലടി പാലത്തില്‍ ഗതാഗത നിരോധനം; ഈ മാസം 13 മുതല്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിരോധിക്കും


  Published by:Karthika M
  First published: