നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെല്ലാനത്തിന് ആശ്വാസമായി തീര സംരക്ഷണ പദ്ധതി; 10 കോടി രൂപ അനുവദിച്ച് സർക്കാർ

  ചെല്ലാനത്തിന് ആശ്വാസമായി തീര സംരക്ഷണ പദ്ധതി; 10 കോടി രൂപ അനുവദിച്ച് സർക്കാർ

  അറ്റകുറ്റപ്പണികൾക്ക് ഏകദേശം നാലു കോടി രൂപയും, പുതിയവയുടെ നിർമാണത്തിന് ആറ് കോടി രൂപയും ഉൾപ്പെടെ 10 കോടി രൂപയാണ് പുലിമുട്ടുകൾക്കായി ഇവിടെ ചെലവാക്കുന്നത്

  Chellanam

  Chellanam

  • Last Updated :
  • Share this:
  എറണാകുളം: ചെല്ലാനത്തിന് ആശ്വാസമായി തീര സംരക്ഷണ പദ്ധതി. കടലാക്രമണങ്ങളിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്ന സംസ്ഥാനതല പദ്ധതിയിൽ ചെല്ലാനവും ഉൾപ്പെട്ടത് ഇവിടെയുള്ളവരുടെ കാലങ്ങളയുള്ള ദുരിതത്തിന് പരിഹാരമാകും. തീരപ്രദേശത്തുള്ള ഭൂമിയെ സംരക്ഷിക്കുക മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം കൂടിയാണ് ഇതെന്ന് പദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പറഞ്ഞു.

  കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളുടെ സംരക്ഷണത്തിനായാണ് 200 കോടിയിൽപരം രൂപ ചെലവിട്ടു കൊണ്ടുള്ള ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലെ ചെല്ലാനത്ത് 8 കോടി ചെലവിൽ ഒരു കിലോ മീറ്റർ നീളമുള്ള കടൽഭിത്തി ജിയോ ട്യൂബുകൾ ഉപയോഗിച്ച് നിർമ്മിക്കും. 2021 ജനുവരിയോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതോടൊപ്പം ചൊല്ലാനത്തെ ബസാർ ഭാഗത്ത് 220 മീറ്റർ നീളത്തിൽ കടൽഭിത്തി പണിയുന്നതിന് ഒരു കോടി രൂപയുടെ പ്രവൃത്തനങ്ങൾ, ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി പ്രദേശങ്ങളിൽ ജിയോ ബാഗ് ഉപയോഗിച്ച് 270 മീറ്റർ നീളത്തിൽ താൽക്കാലിക കടൽഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ എന്നിവയും നടപ്പാക്കും.

  Also Read കാലവർഷമെത്തി, ഉള്ളിൽ തീയുമായി ചെല്ലാനം നിവാസികൾ; കടലിനെ പേടിച്ച് ജീവിക്കുന്ന കുടുംബങ്ങൾ

  ചെന്നൈ ഐഐടിയിലെ ഓഷ്യൻ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ വിദഗ്ധ നിർദ്ദേശം അനുസരിച്ച് തയ്യാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടുകളുടെ നിർമ്മാണം, മാലാഖപ്പടിയിലും കണ്ണമാലിയിലുമുള്ള മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണം എന്നിവ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നടപ്പാക്കും.

  Also Read: കടലിലിറങ്ങി ചെല്ലാനം തീരദേശവാസികള്‍; കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

  അറ്റകുറ്റപ്പണികൾക്ക് ഏകദേശം നാലു കോടി രൂപയും, പുതിയവയുടെ നിർമാണത്തിന് ആറ് കോടി രൂപയും ഉൾപ്പെടെ 10 കോടി രൂപയാണ് പുലിമുട്ടുകൾക്കായി ഇവിടെ ചെലവാക്കുന്നത്. കൂടാതെ നൂതന സാങ്കേതിക രീതിയിലുള്ള തീര സംരക്ഷണ മാർഗങ്ങൾ സംബന്ധിച്ച പഠനം ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അനുവദിച്ച തുക എത്രയും പെട്ടെന്ന് പുലിമുട്ടുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കും.

  ചെല്ലാനം പഞ്ചായത്തിലെ വാച്ചാക്കൽ, കമ്പനിപ്പടി, ചെറിയകടവ് പ്രദേശങ്ങളിൽ 69,60,000 രൂപ ചെലവിൽ 425 മീറ്റർ നീളത്തിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള താൽക്കാലിക കടൽഭിത്തി മെയ് - ജൂൺ മാസങ്ങളിൽ നിർമിച്ചിരുന്നു. അതിനു പുറമേ 97,80,000 രൂപ ചെലവിൽ 900 മീറ്റർ നീളത്തിൽ മാലാഖപ്പടി, ദീപ്തി, അങ്കണവാടി, ബസാർ, വേളാങ്കണ്ണി, ചാളക്കടവ്, റീത്താലയം, പുത്തൻതോട് എന്നിവിടങ്ങളിൽ കൂടി ജിയോ ബാഗ് ഉപയോഗിച്ചുള്ള താൽക്കാലിക കടൽഭിത്തി നിർമ്മിച്ചിട്ടുണ്ട്.
  Published by:user_49
  First published: