സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ച ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ മറ്റ് സ്കൂളുകളിലെ തൂപ്പുകാരായി നിയമിച്ച് സര്‍ക്കാര്‍. മുന്നൂറോളം അധ്യാപകരാണ് ഇത്തരത്തില്‍ തൂപ്പുജോലിക്കാരായി മാറിയത്. മാര്‍ച്ചില്‍ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കാണ് സ്വീപ്പര്‍ തസ്തികയില്‍ പാര്‍ട്ട്ടൈം, ഫുള്‍ടൈം നിയമനം നല്‍കിയത്.
ഏകാധ്യാപക വിദ്യാലയങ്ങളില്‍ ഇവര്‍ വിദ്യാവൊളന്റിയര്‍ തസ്തികയില്‍ താത്കാലിക അധ്യാപകരായിരുന്നു. സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരനിയമനമാണ് എന്നത് ആശ്വാസമാണെങ്കിലും അധ്യാപനത്തില്‍നിന്ന് തൂപ്പുജോലിയിലേക്കുള്ള മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. 24 വര്‍ഷംവരെ അധ്യാപകരായിരുന്നവരും കൂട്ടത്തിലുണ്ട്.
അമ്പൂരി അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷാകുമാരിയ്ക്ക് തൂപ്പുജോലിയില് നിയമനം നല്കിയ നടപടി വലിയ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ വിദ്യാഭ്യാസ മന്ത്രി തീരുമാനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Also Read- 'ഉഷാകുമാരിക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തുകയാണ് ചെയ്തത്; വാർത്തകൾ വാസ്തവ വിരുദ്ധം': വിദ്യാഭ്യാസ മന്ത്രി
18,500 രൂപ ഓണറേറിയത്തിൽ വിദ്യാ വോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും, അവരുടെ സമ്മതത്തോടെയും 23,000 - 50,200 രൂപ ശമ്പള സ്കെയിലിൽ പേരൂർക്കട പിഎസ്എൻഎം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പിടിസിഎം ആയി നിയമനം നൽകി ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.
പൂട്ടിയ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23,000 -50,200 ശമ്പളസ്കെയിൽ പിടിസിഎം/എഫ്ടിഎം തസ്തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.
Also Read- 23 വർഷം കുട്ടികളെ പഠിപ്പിച്ച അധ്യാപിക; ഇന്നലെ മുതൽ സ്കൂളിലെ തൂപ്പുകാരി
ആദിവാസിമേഖലകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയത്. ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളുകളിലേക്കു മാറ്റി. ദൂരസ്ഥലങ്ങളിലെ സ്കൂളുകളിലേക്കു പോകേണ്ട കുട്ടികള്‍ക്ക് ഹോസ്റ്റല്‍സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങളിലായി 344 അധ്യാപകരാണുള്ളത്. 27 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയിട്ടില്ല. ഈ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍നടപടി.
സമ്മതപത്രം എഴുതിനല്‍കിയാണ് അധ്യാപകര്‍ സ്വീപ്പര്‍ തസ്തികയില്‍ പ്രവേശിക്കുന്നത്. ഏകാധ്യാപകര്‍ ആയിരുന്നപ്പോള്‍ കിട്ടിയ ശമ്പളത്തെക്കാള്‍ കൂടുതല്‍ സ്വീപ്പര്‍ തസ്തികയില്‍ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് വാഗ്ദാനംനല്‍കിയിരുന്നു. സെറ്റ് ഉള്‍പ്പെടെ പാസായവരും ഇവര്‍ക്കിടയിലുണ്ട്.
പ്രൈമറിവിദ്യാഭ്യാസം എല്ലായിടത്തും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1997-ലാണ് ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്റെ (ഡി.പി.ഇ.പി.) ഭാഗമായി സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങള്‍ തുറന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.