തിരുവനന്തപുരം: വാളയാർ കേസിൽ തുടര്‍ അന്വേഷണത്തിനും പുനര്‍ വിചാരണയ്ക്കും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഉടന്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രിയുമായി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും സംസ്ഥാന പൊലീസ് മേധാവിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതേ വിട്ടതിനു പിന്നാലേ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിനെതിരേ ഉയരുന്നത്. അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയാണ് പ്രതികളെ രക്ഷിച്ചതെന്നാണ് ആരോപണം. പുറമേ പ്രതികളുടെ സിപിഎം ബന്ധം കൂടിയായപ്പോള്‍ നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാര്‍ വന്‍ പ്രതിരോധത്തിലായി. കേസില്‍ തുടരന്വേഷണത്തിനും പുനര്‍ വിചാരണയ്ക്കും തടസ്സമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ചിട്ടുള്ള നിയമോപദേശം.
കേസിൽ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ പറഞ്ഞു. തുടർ അന്വേഷണത്തിനും പുനര്‍ വിചാരണയ്ക്കും അപ്പീലിനൊപ്പം അപേക്ഷ നല്‍കും. നിയമതടസ്സമുണ്ടാകില്ല. സുപ്രീംകോടതി വിധി നേരത്തേയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രോസിക്യൂട്ടറെ മാറ്റും. പരിചയ സമ്പന്നനായ പുതിയ പ്രോസിക്യൂട്ടർ വരും. തെറ്റു ചെയ്തവർ രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു തീരുമാനത്തിലേക്കു സര്‍ക്കാര്‍ കടക്കില്ല. തുടരന്വേഷണ തീരുമാനത്തോടെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കേസില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.