• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനിയാരും 'മിന്നൽ മുരളിയാകേണ്ട'; മാളിയേക്കൽ ഗവ. യു.പി. സ്കൂളിന്റെ രണ്ടാം നില കേറാൻ കോണിപ്പടി ഒരുങ്ങുന്നു

ഇനിയാരും 'മിന്നൽ മുരളിയാകേണ്ട'; മാളിയേക്കൽ ഗവ. യു.പി. സ്കൂളിന്റെ രണ്ടാം നില കേറാൻ കോണിപ്പടി ഒരുങ്ങുന്നു

കോണിപ്പടി ഇല്ലാതെ രണ്ട് നില സ്കൂൾ കെട്ടിടം പണിതത് വിവാദമായിരുന്നു

മാളിയേക്കൽ ഗവ. യു.പി. സ്കൂൾ

മാളിയേക്കൽ ഗവ. യു.പി. സ്കൂൾ

  • Share this:
    മലപ്പുറം ചോക്കാട് മാളിയേക്കൽ ഗവ. യു.പി. സ്കൂളിന്റെ (Government UP school in Maliyekkal) മുകളിലത്തെ നിലയിലേക്ക് (top floor) എത്താൻ ഇനി ആരും 'മിന്നൽ മുരളി' (Minnal Murali) ആകേണ്ട. ചോക്കാട് പഞ്ചായത്ത് തന്നെ സ്കൂൾ കെട്ടിടത്തിന് കോണിപ്പടികൾ പണിഞ്ഞു. കോണിപ്പടിയില്ലാതെ ഇരുനിലക്കെട്ടിടം പണിത അത്യപൂർവ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. ഇതോടെ നാട്ടുകാരും പഞ്ചായത്തും അരയും തലയും മുറുക്കി ഇറങ്ങിയതോടെ, സ്കൂളിന് കോണിപ്പടി യാഥാർഥ്യമായി.

    കെട്ടിടത്തിന്റെ മതിൽ പൊളിച്ച്, ശൗചാലയത്തിനു മുകളിലൂടെയാണ് ചവിട്ടുപടി നിർമ്മാണം. ഇതിനായി ചോക്കാട് പഞ്ചായത്ത് ഒരു ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കുകയായിരുന്നു. ശൗചാലയത്തിനു മുകളിലൂടെ കടന്ന് സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പ്രവേശിക്കാൻ പാകത്തിനാണ് പുതിയ നിർമ്മാണം.

    നാട്ടുകാർ ഫുട്ബോൾ ടൂർണമെൻറ് നടത്തി നൽകിയ നാലുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വക അഞ്ചുലക്ഷം രൂപയും ചേർത്താണ് സ്കൂളിന്റെ ഒന്നാം നിലയിൽ രണ്ടു ക്ലാസ് മുറികൾ നിർമ്മിച്ചത്. എന്നാൽ, കോണിപ്പടി നിർമ്മിക്കാത്തതിനാൽ ഈ രണ്ടു ക്ലാസ് മുറികളും ഉപയോഗിക്കാനായില്ല. ഇക്കാര്യം വാർത്തയായതിനെത്തുടർന്ന് കെട്ടിടത്തിന് നിർമ്മാണാനുമതി നൽകിയ ചോക്കാട് ഗ്രാമപഞ്ചായത്ത്, കാളികാവ് ബ്ലോക്ക്പഞ്ചായത്ത് അധികൃതരോട് സംസ്ഥാന ചീഫ് എൻജിനീയർ ഉൾപ്പെടെയുളളവർ വിശദീകരണം തേടി.

    ഒരു വർഷം വൈകിയാണെങ്കിലും കോണിപ്പടി കെട്ടിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി.

    എസ്റ്റിമേറ്റ് പ്രകാരമുള്ള പണി മാത്രം കരാറുകാരൻ ചെയ്തതോടെ, മുകൾനില താഴെ നിന്ന് കാണാൻ മാത്രമേ പറ്റൂ എന്നായി. ഏറെ പ്രത്യേകതകളുള്ള ഈ നിർമ്മാണം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ചോക്കാട് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെട്ടു.

    "ചോക്കാട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് ഈ സ്കൂൾ കെട്ടിടം. ഈ ഭരണസമിതിയല്ല ആ കെട്ടിടം നിർമ്മിച്ചത്. എന്നാൽ അക്കാരണം പറഞ്ഞു ഒഴിഞ്ഞ് മാറാൻ പറ്റുന്ന കാര്യം അല്ല. അന്ന് തിരുവനന്തപുരംകാരിയായ ഒരു എ.ഇ. ആയിരുന്നു ഇവിടെ ചുമതലയിൽ ഉണ്ടായിരുന്നത്. അന്വേഷിച്ചപ്പോൾ, അനുവദിച്ച ഫണ്ട് കൊണ്ട് സ്കൂളിൻ്റെ പണി പൂർത്തീകരിക്കുകയും തൊട്ടടുത്ത വർഷം ഫണ്ട് കിട്ടുമ്പോൾ കോണി പണിയുകയും ചെയ്യാം എന്ന ധാരണയിലാണ് അനുമതി നൽകിയത് എന്നായിരുന്നു അവരുടെ പ്രതികരണം.

    അതിന് ശേഷം ഇപ്പൊൾ കോണിപ്പടി നിർമ്മാണത്തിന് ടെൻഡർ വിളിച്ചപ്പോൾ രണ്ട് തവണയും ഒരു കോൺട്രാക്ടർ  മാത്രമാണ് ടെൻഡർ നൽകിയത്. എന്നാൽ ഭരണപരമായ പ്രശ്നം കാരണം അത് കൊടുക്കാനായില്ല. ഇനി മൂന്നാം തവണ ടെൻഡർ കൊടുക്കുമ്പോൾ ഒരാൾ മാത്രമാണ് എങ്കിലും അതിനു നടപടി പ്രശ്നം ആകില്ല. അതുകൊണ്ട് തന്നെ ഏറെ വൈകാതെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്." കോണിപ്പടി നിർമ്മാണവുമായി ബന്ധപ്പെട്ട് വാർത്ത ആദ്യമായി മാധ്യമങ്ങളിൽ വന്നപ്പോൾ പ്രസിഡൻ്റ് സി.എച്ച്. നൗഷാദ് നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു.

    എന്തായാലും മാസങ്ങൾ കൊണ്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിൻ്റെ ആശ്വാസത്തിലാണ് ചോക്കാട് പഞ്ചായത്ത്.
    Published by:user_57
    First published: