തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുശൗചാലയങ്ങളെ തിരിച്ചറിയാൻ കളര്‍കോഡും പൊതുലോഗോയും കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി രാജേഷ്. നിയമസഭയില്‍ വി.കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി .
വ്യക്തി ശുചിത്വത്തിലും ആരോഗ്യ സൂചികകളിലുമെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ പൊതുശൗചാലയങ്ങളുടെ സ്ഥിതി ഇപ്പോഴും അത്ര മെച്ചമല്ലായെന്നും കേരള സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ടേക്ക് എ ബ്രേക്ക് വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു എങ്കിലും അവ എണ്ണത്തില്‍ തുലോം കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാളുകള്‍, പെട്രോള്‍ പമ്പുകള്‍, ബഹുനില ഓഫീസ് മന്ദിരങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം പൊതുശൗചാലയങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പലതും വൃത്തിഹീനമായ നിലയിലോ പൂട്ടിയിട്ട നിലയിലോ ആയിരിക്കും കാണപ്പെടുക. പൊതുശൗചാലയങ്ങള്‍ നിരന്തരം വൃത്തിയായി സൂക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ ഉപയോഗത്തിനായി ലഭ്യമാക്കുന്നതിനും ഇവയെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള കളര്‍കോഡ്, പൊതുലോഗോ എന്നിവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന വിഷയമാണ് വി.കെ. പ്രശാന്ത് സബ്മിഷനായി ഉന്നയിച്ചത്.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ മൂന്നാം പട്ടിക പ്രകാരവും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ ഒന്നാം പട്ടിക പ്രകാരവും പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരയും, കക്കൂസും, കളിസ്ഥലങ്ങളും ഏര്‍പ്പെടുത്തുക എന്നത് യഥാക്രമം ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അനിവാര്യ ചുമതലയാണ്. ഇതിന്റെ ഭാഗമായി ഏറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരിഭാഗം ബസ് സ്റ്റാന്റുകളോടു ചേര്‍ന്നും യുസര്‍ഫീ ഏര്‍പ്പെടുത്തിയോ അല്ലാതെയോ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം പൊതുമൂത്രപ്പുരകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും മൂത്രപ്പുരയോടൊപ്പം കുളിസ്ഥലങ്ങളും വിശ്രമസ്ഥലങ്ങളും കഫറ്റേരിയകളും കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികളെ കൂടി കണ്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് ഹരിതകേരള മിഷനുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ടൗണിലെ കംഫര്‍ട്ട് സ്റ്റേഷന് ഏറെ മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കംഫര്‍ട്ട് സ്റ്റേഷനോട് അനുബന്ധിച്ച് ഒരുക്കിയ പബ്ലിക് ലോണ്ട്രിയിലെ വാഷിംഗ് മെഷീന് കൂടി പൊതുജനത്തിന് പണം നല്കി ഉപയോഗിക്കാം. വസ്ത്രം അലക്കുന്നതിനൊപ്പം ഉണക്കിക്കൊടുക്കാനുള്ള സംവിധാനവും അവിടെയുണ്ട്. കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള ദ്രവമാലിന്യം സംസ്ക്കരിക്കാന്‍ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്നാറിലെ നല്ലതണ്ണി ചോലയെ മാലിന്യമുക്ത മാക്കാനും ഈ നടപടി സഹായിച്ചിട്ടുണ്ട്.
Also Read-‘മെയ്ഡ് ഇന്‍ കേരള’; ഉൽപന്നങ്ങള്ക്ക് കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള റോഡ് കണക്ടിവിറ്റിയെ ദേശീയ പാത വികസനത്തിലൂടെയും കിഫ്ബി പദ്ധതികളിലൂടെയും മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അടക്കം ഉപയോഗിച്ച് മികച്ചതാക്കു ന്നതിന് ഒന്നാം പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. റോഡ് കണക്ടിവിറ്റി മികച്ചതാക്കി സഞ്ചാര സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് സൗകര്യം നല്‍കിക്കൊണ്ട് പാതയോരങ്ങളില്‍ ടേക്ക് എ ബ്രേക്ക് എന്ന പേരില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് കംഫര്‍ട്ട് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നാളിതുവരെ 653 പൊതു ടോയിലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയുടെ പരിപാലന ചുമതല കുടുംബശ്രീ മുതലായ ഏജന്‍സികള്‍ മുഖേന നിര്‍വ്വഹിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ഈ സാഹചര്യത്തിലും സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുള്ള പൊതു ടോയിലറ്റുകള്‍ അതിന്റെ സേവനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. വ്യക്തിശുചിത്വത്തിലും, ആരോഗ്യ സൂചികകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളം ഈ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കേണ്ടതുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണുന്ന വിഷയമാണ്. ഇതിനായി പൊതുശൗചാലയങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനു വേണ്ടിയുള്ള കളര്‍കോഡ്, പൊതു ലോഗോ എന്നിവ ഏര്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.