• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണറുടെ സമരത്തിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു

ഗവർണറുടെ സമരത്തിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു

സമരം ക്രമസമാധാന തകർച്ചയ്ക്കെതിരേയെന്ന് വി.മുരളീധരൻ, മറ്റു വഴിയില്ലാതെയെന്ന് കെ.സുധാകരൻ, ഒന്നും മിണ്ടാതെ സി.പി.എം.

ഗവർണ്ണറുടെ ഉപവാസം

ഗവർണ്ണറുടെ ഉപവാസം

  • Last Updated :
  • Share this:
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സത്യഗ്രഹത്തിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു. ഗവർണറുടെ സത്യഗ്രഹ സമരത്തിന് ബി.ജെ.പി. പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗവർണറുടെ നടപടിയോട്  യോജിപ്പില്ലെങ്കിലും സമരത്തിന് അദ്ദേഹം നിർബന്ധിതനായി തീർന്നതാണെന്ന് കെ. പി. സി. സി. അധ്യക്ഷൻ പറഞ്ഞു. സി.പി.എം. നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

സ്ത്രീധനത്തിനെതിരേയുള്ള ഗവർണറുടെ സത്യഗ്രഹം ഫലത്തിൽ  സർക്കാരനെതിരെയുള്ള സമരമായി മാറുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ നേരത്തെ പലതവണ ആശങ്ക പ്രകടിപ്പിച്ച ഗവർണർ ഇത്തവണ സ്ത്രീധനം ഉയർത്തി സമരമെന്ന അസാധാരണ നീക്കമാണ് നടത്തിയത്.  ഇന്നലെ സത്യഗ്രഹസമരം പ്രഖ്യാപിച്ചപ്പോൾത്തനെ അത് സർക്കാർ എതിരാണെന്ന വിമർശനമുയർന്നു.

എന്നാൽ വൈകിട്ട് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്ത്രീധനത്തിനെതിരേയാണ് സമരമെന്ന് വിശദീകരിച്ചു. സമരം സർക്കാരിനെതിരേ അല്ലെന്നും സർക്കാരുമായി ഏറ്റുമുട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ളതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്.

എന്നാൽ സംസ്ഥാനത്തെ ഭരണത്തലവൻ അസാധാരണമായൊരു സമരത്തിന് നേതൃത്വം നൽകുന്നതിലെ രാഷ്ട്രീയസാധ്യത തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ നീക്കങ്ങൾ. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെന്നതിൻ്റെ പ്രത്യക്ഷ തെളിവായാണ് ഗവർണറുടെ നടപടിയെ ബി.ജെ.പി. വ്യാഖ്യാനിക്കുന്നത്. ദേശീയതലത്തിൽതന്നെ അത് ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.

വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ്റെ വാക്കുകൾ അത് വ്യക്തമാക്കുന്നു. ഒരു പക്ഷേ ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് കേരള ഗവര്‍ണറുടെ ഉപവാസം. രാജ്ഭവന്‍റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആര്‍ജവമുള്ള പൊതുപ്രവര്‍ത്തകനാണ് ആരിഫ് മുഹമ്മദ് ഖാന്‍. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം.ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ.

സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സര്‍ക്കാരാണ്. വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന നാടായി കേരളം.ആറു വയസ്സുകാരിയെ മൂന്നു വര്‍ഷമായി ക്രൂരമായി പീഡിപ്പിച്ച് കൊന്നയാള്‍ ഭരണകക്ഷിയുടെ യുവജനപ്രസ്ഥാനത്തിന്‍റെ നേതാവും. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടര്‍ക്ക്.നിയമവാഴ്ച സമ്പൂര്‍ണമായി കേരളത്തില്‍ തകര്‍ന്നിരിക്കുന്നു. ലഹരി കടത്ത്, സ്വര്‍ണക്കടത്ത് മാഫിയയുടെ ഇഷ്ടലക്ഷ്യമാണിന്ന് നമ്മുടെ സംസ്ഥാനം.തോക്കു ചൂണ്ടി ആളെത്തട്ടിക്കൊണ്ടു പോകലും കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടലും എല്ലാമായി അധോലോകത്തിന്‍റെ തേര്‍വാഴ്ചയും. ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട ഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് അപ്പോഴും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍ അധികാര കസേരയില്‍ തുടരുന്നത് നാടിന്‍റെ ഗതികേടാണെന്നും മുരളീധരൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

സമരത്തിന് നേരിട്ട് പിന്തുണ നൽകാതെ ശ്രദ്ധയോടെയായിരുന്നു കോൺഗ്രസ് പ്രതികരണം. ഗവർണറുടെ സത്യഗ്രഹം കേട്ടുകേൾവിയില്ലാത്തതാണെന്നും, പറഞ്ഞു മടുത്തപ്പോഴാണ് ഭരണത്തലവന് അത് ചെയ്യേണ്ടി വന്നതെന്നും കെ. സുധാകരൻ പറഞ്ഞു.

സർക്കാരിൻ്റെ നിഷ്ക്രിയത്വത്തിനെതിരേയാണ് ഗവർണറുടെ സമരം. ഗവർണർ ഉയർത്തിയ ആവശ്യങ്ങൾ ന്യായമാണ്. സമരത്തിനു പിന്നിൽ ബി ജെ പി അജൻഡയെന്നു പറയുന്നില്ല. അത് വേണമെങ്കിൽസർക്കാർ ആരോപിക്കട്ടേ. ഗവർണറുടെ സമരത്തെ ന്യായീകരിക്കുന്നില്ലെന്നും മറ്റു വഴിയില്ലാതെ അദ്ദേഹം അതു ചെയ്തതതാണെന്നും സുധാകരൻ പറഞ്ഞു.

ഗവർണറുടെ ആവശ്യപ്രകാരമാണ് സമരമെന്ന ഗാന്ധിസ്മാരകനിധി സെക്രട്ടറിയുടെ വിശദീകരണം സമരത്തിനു പിന്നിൽ രാഷ്ട്രീയം എന്ന ആരോപണത്തിന് ബലം നൽകുന്നതാണ്. വിഷയത്തിൽ സൂക്ഷ്മതയോടെയുള്ള പ്രതികരണം മതിയെന്ന നിലപാടിലാണ് സി. പി. എം. നേതൃത്വം.
Published by:user_57
First published: