• HOME
 • »
 • NEWS
 • »
 • kerala
 • »
 • Governor Arif Mohammad Khan| സർവകലാശാലാ ചാൻസലർ പദവി ഒഴിയാമെന്ന് ഗവർണർ; ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരത്തിൽ അതൃപ്തി അറിയിച്ച് കത്ത്

Governor Arif Mohammad Khan| സർവകലാശാലാ ചാൻസലർ പദവി ഒഴിയാമെന്ന് ഗവർണർ; ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരത്തിൽ അതൃപ്തി അറിയിച്ച് കത്ത്

ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അതിപ്രസരത്തിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ വിഷയങ്ങളിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) ഗവർണർ കത്ത് നൽകി. ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിയാമെന്നും സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും അഞ്ച് പേജുകളുള്ള കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു. ചാൻസലർ പദവി ഗവർണറിൽനിന്ന്​ മുഖ്യമ​ന്ത്രിക്ക്​ കൈമാറാൻ സർക്കാർ ഓർഡിനൻസ്​ കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകാമെന്നും കത്തിൽ വ്യക്തമാക്കി​.

  ഗവർണറെ ആശ്രയിക്കാതെ സർക്കാരിന്റെ രാഷ്​ട്രീയ ലക്ഷ്യങ്ങൾ തടസ്സം കൂടാതെ നടപ്പാക്കാൻ അതാണ്​ നല്ലത്​. ഗവർണർ വഴി സർക്കാറിന്റെ വഴിവിട്ട രാഷ്​ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാനാകില്ല. കത്തി​ന്റെ പകർപ്പ്​ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾക്കും നൽകിയിട്ടുണ്ട്​. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. സർക്കാർ ഇടപെടലുകൾ അക്കമിട്ട് നിരത്തിയാണ് കത്ത് നൽകിയിരിക്കുന്നത്.

  കണ്ണൂര്‍, കാലടി സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളാണ് അതൃപ്തി രൂക്ഷമാക്കിയത്. കണ്ണൂർ സർവകലാശാലയിൽ വൈസ് ചൈൻസലർക്ക് പുനർനിയമനം നൽകുകയായിരുന്നു. കാലടി സർവകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയാൻ നിൽക്കെ അവിടേക്ക് പുതിയ ആളെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി നിയമിച്ചു. എന്നാൽ സെർച്ച് കമ്മിറ്റി ആരുടെയും പേര് മുന്നോട്ട് വയ്ക്കാത്തതിനാൽ സർക്കാർതന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു. ആ പേര് അംഗീകരിക്കാൻ തയാറാകാത്ത ഗവർണർ അതിനു മറുപടിയെന്നോണമാണ് ഇത്തരത്തിൽ ഒരു കത്ത് അയച്ചത്. കലാമണ്ഡലം സർവകലാശാലയിൽ വിസി ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു.

  നാലു ദിവസം മുൻപാണ് ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് സർക്കാരിന് കത്ത് നൽകിയത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടിയും നൽകി. എന്നാൽ ഈ മറുപടി തള്ളി രണ്ടാമത്തെ കത്ത് ഗവർണർ ഇന്നലെ നൽകി. ഇതേത്തുർന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്ന് രാജ്ഭവനിൽ എത്തി അനുനയത്തിന് ശ്രമിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.

  കാലടി സംസ്കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് കാരണമായി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.

  ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേസർവകലാശാലയിൽ കാലാവധി നീട്ടി പുനർനിയമനം നൽകുന്നത്. കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകി കത്ത് നൽകിയത്. കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനർനിയമനം നൽകിയത്. സർക്കാർ ശുപാർശ പ്രകാരമാണ് ഗവർണർ പുനർ നിയമനം അംഗീകരിച്ചത്.

  60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനർനിയമനമെന്നാണ് ആക്ഷേപം. സിപിഎം നേതാവ് കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെ വിസിക്ക് പുനർനിയമനം നൽകിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണ് എന്നാണ് പ്രതിപക്ഷം അടക്കം ആരോപിച്ചത്.
  Published by:Rajesh V
  First published: