തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസ സമരത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം.
രാവിലെ മുതൽ രാജ്ഭവനിൽ ഉപവസിക്കുന്ന ഗവർണർ പിന്നീട് 4.30 മുതൽ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
Also Read-
ഗവർണറുടെ സമരത്തിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസ സമരം രാഷ്ട്രീയ കേരളത്തിലെ ചൂടുപിടിച്ച ചർച്ചയായി മാറികഴിഞ്ഞു. ഗാന്ധി സ്മാരകനിധിയും വിവിധ ഗാന്ധിയിൻ സംഘടനകളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവർണർ നേരിട്ടെത്തുന്നത്. സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ നിലപാടുളളയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഗവർണറായി നമ്മുടെ സംസ്ഥാനത്ത് എത്തുന്നതിന് മുമ്പും ഇതിനെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത്രയധികം സാക്ഷരതയും അഭ്യസ്തവിദ്യരായ സ്ത്രീകളുമുളള കേരളത്തിൽ ഇപ്പോഴും സ്ത്രീധനം പോലുളള സാമൂഹ്യവിപത്തുണ്ടെന്നത് കേരളത്തിലെത്തിയ അദ്ദേഹത്തെ ഞെട്ടിപ്പിച്ചിരുന്നു.
Also Read-
സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള ഗവർണറുടെ ഉപവാസത്തിൽ നേതൃനിരയിൽ ജേക്കബ് വടക്കാഞ്ചേരിയും
അതേസമയം, ഗവർണർക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണിതെന്നും ഗാന്ധിയൻ മാർഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സർക്കാരാണ്. വനിതാമതിൽ കെട്ടിയവരുടെ നാട്ടിൽ ചെറുപ്രായത്തിൽ പെൺകുട്ടികൾ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടർക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാര കസേരയിൽ തുടരുന്നത് നാടിന്റെ ഗതികേടാണ്. – അദ്ദേഹം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.