• HOME
  • »
  • NEWS
  • »
  • kerala
  • »
  • KTU സാങ്കേതിക സർവകലാശാലയുടെ പ്രമേയങ്ങൾ ഗവർണർ മരവിപ്പിച്ചു

KTU സാങ്കേതിക സർവകലാശാലയുടെ പ്രമേയങ്ങൾ ഗവർണർ മരവിപ്പിച്ചു

നേരത്തെ സർവകലാശാലയിലെ പ്രമേയങ്ങളോട് വൈസ് ചാൻസലർ വിയോജിച്ചിരുന്നു

  • Share this:

    തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെയുടെ സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെയും പ്രമേയങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. സർവ്വകലാശാല ആക്‌റ്റ് പ്രകാരമുള്ള വ്യവസ്ഥകൾ ഉപയോഗിച്ചാണ് നടപടി. നേരത്തെ സർവകലാശാലയിലെ പ്രമേയങ്ങളോട് വൈസ് ചാൻസലർ വിയോജിച്ചിരുന്നു.

    സാങ്കേതിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെ നേരിടാൻ ഉറച്ച് ഗവർണർ. സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണർ യോഗവുമെടുത്ത നിർണായക തീരുമാനങ്ങൾ സസ്പെൻഡ് ചെയ്തു. സർവ്വകലാശാലയുടെ ഉന്നതാധികാരി വൈസ് ചാൻസലർ ആണെന്നാണ് രാജ്ഭവന്റെ വാദം. എന്നാൽ ഗവർണറുടെ തീരുമാനം ചട്ടവിരുദ്ധമെന്നാണ് സിൻഡിക്കേറ്റ് പ്രതികരിച്ചു.

    വൈസ് ചാൻസലറെ നിയന്ത്രിക്കാൻ പ്രത്യേക ഉപസമിതിയെ നിയോഗിച്ച തീരുമാനം, ജീവനക്കാരുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കാൻ പുതിയ സമിതി എന്നിവ സസ്പെൻഡ് ചെയ്ത തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. ഗവർണറും വൈസ് ചാൻസിലറും തമ്മിലുള്ള കത്തിടപാടുകൾ സിൻഡിക്കേറ്റ് അറിവോടെ ആയിരിക്കണമെന്ന തീരുമാനവും ചാൻസിലർ സസ്പെൻഡ് ചെയ്തു. വിസിയുടെ വിയോജിപ്പോടുകൂടിയാണ് സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണർ യോഗവും ഈ തീരുമാനങ്ങൾ പാസാക്കിയത്.

    ‌തുടർന്ന് സർവകലാശാലയിൽ തന്റെ അധികാരങ്ങൾ കവർന്നെടുക്കാൻ സിൻഡിക്കേറ്റ് ശ്രമിക്കുന്നു എന്ന് കാട്ടി വിസി ഗവർണർക്ക് വിശദമായ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഗവർണറുടെ അസാധാരണ ഇടപെടൽ. ചട്ടപ്രകാരം വൈസ് ചാൻസിലറാണ് സർവകലാശാലയുടെ ഉന്നത അധികാരി. വിസിയുടെ അധികാരങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്താൻ സിൻഡിക്കേറ്റിന് കഴിയില്ലെന്ന് രാജ്ഭവൻ വിലയിരുത്തി.

    യൂണിവേഴ്സിറ്റി നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് ഗവർണർ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഗവർണറുടെ ഇടപെടൽ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. തീരുമാനം സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് ബന്ധപ്പെട്ട സമിതിയുടെ വിശദീകരണം തേടണമെന്നാണ് ചട്ടം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർക്കാരിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ഗവർണറുടെ ഇടപെടൽ അംഗീകരിക്കാൻ സാധിക്കില്ല എന്ന സിൻഡിക്കേറ്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സിൻഡിക്കേറ്റിന് സർക്കാരിന്റെ പിന്തുണയും ഉണ്ട്.

    Published by:Naseeba TC
    First published: