നയപ്രഖ്യാപനവും പ്രതിഷേധവും: എല്ലാവരും ജയം അവകാശപ്പെടുന്ന കളിയിൽ ഡിസ്റ്റിങ്ഷൻ ഗവർണർക്ക്

പരസ്യമായി സർക്കാരിനെ വിമർശിച്ച ഭരണഘടനാ തലവനാണെന്ന് സ്വയം പ്രഖ്യാപിച്ച ഗവർണറെ കൊണ്ട് എഴുതി കൊടുത്തത് മുഴുവൻ വായിപ്പിച്ചില്ലെ. പിന്നെ എങ്ങനെ ഡിസ്റ്റിങ്ഷൻ?. ചിലർക്കെങ്കിലും സംശയം തോന്നാം. അവിടെയാണ് ആരിഫ് മുഹമ്മദ് ഖാനിലെ രാഷ്ട്രീയ കൗശലക്കാരൻ വിജയിച്ചത്.

News18 Malayalam | news18-malayalam
Updated: January 29, 2020, 6:34 PM IST
നയപ്രഖ്യാപനവും പ്രതിഷേധവും: എല്ലാവരും ജയം അവകാശപ്പെടുന്ന കളിയിൽ ഡിസ്റ്റിങ്ഷൻ ഗവർണർക്ക്
News18 Malayalam
  • Share this:
ഗവർണറും സർക്കാരും പ്രതിപക്ഷവും മൂന്നായി നിന്ന് കളിച്ച നയപ്രഖ്യാപനം രാഷ്ട്രീയകളിയിൽ മൂന്ന് കൂട്ടരും ഒരു പോലെ വിജയം അവകാശപ്പെടുന്നു. ജയം ആർക്കെന്ന് ഇഴകീറി പരിശോധിക്കുന്നതിനെക്കാൾ എല്ലാവരും അവരവരുടെ ഭാഗം നന്നായി കൈകാര്യം ചെയ്തു എന്ന് പറയുന്നതാകും ഭംഗി. അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും എന്തുതന്നെയായാലും ഈ നാടകത്തിൽ ഡിസ്റ്റിങ്ഷൻ ഗവർണർക്കു തന്നെ. പരസ്യമായി സർക്കാരിനെ വിമർശിച്ച ഭരണഘടനാ തലവനാണെന്ന് സ്വയം പ്രഖ്യാപിച്ച ഗവർണറെ കൊണ്ട് എഴുതി കൊടുത്തത് മുഴുവൻ വായിപ്പിച്ചില്ലെ. പിന്നെ എങ്ങനെ ഡിസ്റ്റിങ്ഷൻ?. ചിലർക്കെങ്കിലും സംശയം തോന്നാം. അവിടെയാണ് ആരിഫ് മുഹമ്മദ് ഖാനിലെ രാഷ്ട്രീയ കൗശലക്കാരൻ വിജയിച്ചത്. അത് എങ്ങനെയെന്നും പറയാം.

നയപ്രഖ്യാപനത്തിലെ പതിനെട്ടാം പടി

നയപ്രഖ്യാപനത്തിലെ പതിനെട്ടാമത്തെ ഖണ്ഡിക വായിക്കില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്. സഭ സമ്മേളിക്കുന്നതിന്റെ തലേദിവസം കത്തിലൂടെ സർക്കാരിനെ അറിയിക്കുകയും ചെയ്തു. അതിരാവിലെ മുഖ്യമന്ത്രി മറുപടി കത്തെഴുതി. നയപ്രഖ്യാപനം ഭരണഘടനാപരമായ ബാധ്യതയാണ്. അതിൽ കൂട്ടിചേർക്കലോ ഒഴിവാക്കലോ സാധ്യമല്ല. ഈ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപനത്തിന് ഗവർണർ എത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം ഗവർണർ നയപ്രഖ്യാപനം വായിച്ചു തുടങ്ങിയത് മുതൽ പതിനെട്ടാം ഖണ്ഡിക എന്താകും എന്നതായിരുന്നു സർക്കാരിന്റെ ആശങ്കയും പ്രതിപക്ഷത്തിന്റെ പ്രതീക്ഷയും. പതിനെട്ടിലെത്തിയപ്പോൾ ഗവർണർ അടവുനയം പുറത്തെടുത്തു. താൻ ഇതിനോട് യോജിക്കുന്നില്ല. പക്ഷെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ട് വായിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഭരണപക്ഷം ഒന്നാകെ ഡെസ്കിൽ തട്ടി ആഘോഷപൂർവ്വം അത് സ്വീകരിച്ചു. ഗവർണർ കീഴടങ്ങിയെന്നതായിരുന്നു ആ ആഘോഷത്തിന്‍റെ പിന്നിൽ. അതുവരെ എതിർത്ത ഭരണപക്ഷത്തെ മുഴുവൻ പേരെ കൊണ്ടും ഗവർണർ തനിക്ക് അനുകൂലമായി കൈയ്യടിപ്പിക്കുകയായിരുന്നു എന്ന് തിരിച്ചറിയാതെയായിരുന്നോ ആ ആഘോഷം?

പ്രതിപക്ഷത്തിന്റെ പ്രതിഷേധം

പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത വഴിതടയൽ നാടകത്തോടെയായിരുന്നു തുടക്കം. പ്രതിപക്ഷം സർക്കാരിനേയും ഗവർണറേയും പ്രതിരോധത്തിലാക്കി എന്ന തോന്നലുണ്ടാകുന്നതിന് മുമ്പ് തന്നെ പ്രതിഷേധം അവസാനിച്ചു. അൻവർ സാദത്ത് എംഎൽഎ വാച്ച് ആന്റ് വാർഡുമാർക്കിടയിലൂടെ ഇഴഞ്ഞു കളിച്ചതൊഴിച്ചാൽ ആ പ്രതിഷേധത്തിന് ബലമുണ്ടായിരുന്നില്ല. എങ്കിലും സഭയുടെ ചരിത്രത്തിൽ അത്ര പരിചിതമല്ലാത്ത ഒരു പ്രതിഷേധം നടത്തിയെന്ന് ആശ്വസിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി പുറത്ത് കവാടത്തിൽ കുത്തിയിരുന്നു. തീരെ തള്ളിപറയുന്നില്ല. പ്രതിപക്ഷം അവരുടെ കടമ നിർവ്വഹിച്ചു. ഈ ശ്രമമെല്ലാം രമേശ് ചെന്നിത്തല നൽകിയ പ്രമേയത്തിന് ചൂടു പകരാനായിരുന്നു. അടുത്തലക്ഷ്യം ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിൽ പിടിച്ച് സർക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു. പക്ഷെ, വിയോജിപ്പോടെയെങ്കിലും ഗവർണർ സർക്കാരിന്റെ നയം മുഴുവൻ വായിച്ചതോടെ പ്രതിപക്ഷത്തിന്റെ ആ സ്വപ്നം മുളയിലെ കരിഞ്ഞു. ഇതോടെയാണ് ലാവലിൻ കേസ് പുറത്തെടുത്ത് സർക്കാരിനേയും ഗവർണറേയും കുറ്റം പറഞ്ഞ് അധികം വെയിലു കൊള്ളാതെ പ്രതിപക്ഷം സ്ഥലം വിട്ടത്.

സർക്കാർ കാര്യം

ഗവർണർ സർക്കാരിന് വഴങ്ങിയെന്ന് വീമ്പു പറയാം. അധികമാരും കുറ്റം പറയില്ല. പ്രവർത്തകർക്കും നേതാക്കൾക്കും ഇത് കവല പ്രസംഗങ്ങളിൽ ആവർത്തിക്കാം. പക്ഷെ അതിനപ്പുറം എന്ത്. ?. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ഭരണഘടനാ പ്രതിസന്ധിയാക്കിമാറ്റിയ ഗവർണർ ഇതോടെ ആയുധം വച്ചു കീഴടങ്ങുമോ? ഇതൊക്കെയാണെങ്കിലും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും ആശയകുഴപ്പത്തിലാക്കാനും സർക്കാരിന് കഴിഞ്ഞു. ഇനി സർവകലാശാലയുടേയും പരീക്ഷയുടേയുമൊക്കെ പേര് പറഞ്ഞ് രാജ്ഭവനിലേക്ക് പണ്ടത്തെപ്പോലെ ഓടികയറുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് ഒന്നാലോചിക്കേണ്ടി വരും. ഭരണഘടനലംഘനം നടത്തിയെന്ന് ആരോപിച്ച അതേ ഗവർണർ തന്നെയാണ് ഈ പരാതികൾ കേൾക്കേണ്ടത്.

ഇനി ഡിസ്റ്റിങ്ഷന്റെ കഥ

ബംഗാളും പഞ്ചാബും രാജസ്ഥാനുമൊക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. പക്ഷെ ഏകകണ്ഠമായി പ്രമേയം പാസാക്കിയത് കേരള നിയമസഭ മാത്രമാണ്. ആ പ്രമേയം ഭരണഘടന വിരുദ്ധമാണെന്ന് വാദിക്കുന്ന ഗവർണറുടെ പേരിൽ ഇന്ന് രണ്ട് തട്ടിലാണ് കേരളത്തിൽ സർക്കാരും പ്രതിപക്ഷവും. സർക്കാരും ഗവർണറും ഒരുകൈയ്യാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവ്. പ്രതിപക്ഷത്തിന് സ്ഥലകാല ബോധമില്ലെന്ന് അധിക്ഷേപിക്കുന്ന മന്ത്രി. ഇങ്ങനെ കേന്ദ്രസർക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർത്ത സംസ്ഥാനത്തെ ഭരണപ്രതിപക്ഷത്തെ രണ്ട് ധ്രുവങ്ങളിലാക്കാൻ ഗവർണർക്ക് നിസ്സാരമായി കഴിഞ്ഞു. ഇതുമാത്രമല്ല ഗവർണർ ചെയ്തത്. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയെ മുൻ നിരയിലിരുത്തി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന് ഭരണപക്ഷത്തെ കൊണ്ട് കൈയ്യടിപ്പിച്ചു. ഇതിനെല്ലാമപ്പുറം തന്നെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തിന്റെ വഴിയടച്ചു. സർക്കാരിന്റെ ആവശ്യം അംഗീകരിച്ച ഗവർണർക്കെതിരെ ഇനി പ്രതിപക്ഷത്തിന്റെ പ്രമേയം എങ്ങനെ ചർച്ചയ്ക്കെടുക്കും?. പ്രത്യേകിച്ച് ഗവർണറേയും സർക്കാരിനേയും കടന്നാക്രമിക്കാൻ പ്രതിപക്ഷനേതാവ് ലാവലിൻ കേസ് തന്നെ കുത്തിപ്പൊക്കിയ സാഹചര്യത്തിൽ.
ഇനി പറയൂ ആരുടെ രാഷ്ട്രീയമാണ് വിജയിച്ചത്?. ആർക്കാണ് ഈ രാഷ്ട്രീയ പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ?

Also Read- 'ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്': നിസാരവത്കരിച്ച് ഗവർണര്‍
Published by: Rajesh V
First published: January 29, 2020, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading