• HOME
 • »
 • NEWS
 • »
 • kerala
 • »
 • വംശീയതയുടെ പേരിൽ ഉദ്യോഗസ്ഥ നിയമനം നടത്തിയെന്ന കുറ്റസമ്മതം; നേതാവിന്റേത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ഗവർണർ

വംശീയതയുടെ പേരിൽ ഉദ്യോഗസ്ഥ നിയമനം നടത്തിയെന്ന കുറ്റസമ്മതം; നേതാവിന്റേത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ഗവർണർ

ടി പി സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റസമ്മതമാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്ന് വ്യക്തം

വംശീയതയുടെ പേരിൽ ഉദ്യോഗസ്ഥ നിയമനം നടത്തിയെന്ന കുറ്റസമ്മതം; നേതാവിന്റേത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ഗവർണർ
 • Share this:
  പൗരത്വ നിയമഭേദഗതി വിഷയത്തിൽ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനക്ക് വിധേയനാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കി. ഇതിനിടെയാണ് കേരളത്തിലെ ഒരു നേതാവ് നടത്തിയ സത്യപ്രതിജ്ഞാ ലംഘനം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നേതാവിന്റെ പേര് പറയാതെയായിരുന്നു ഗവർണറുടെ വിമർശനം. ഡൽഹിയിലായിരുന്നു വെള്ളിയാഴ്ച ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  ഗവർണറുടെ വാക്കുകൾ ഇങ്ങനെ-

  ''അടുത്തിടെ ഒരു മുതിർന്നനേതാവ് നടത്തിയ പ്രസ്താവന നിങ്ങൾ കണ്ടോ?, കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്. വംശീയത പരിഗണിച്ച് ഒരാളെ ആ സ്ഥാനത്ത് നിയമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പേരുകൾ ഒന്നും ഞാൻ പറയുന്നില്ല. മന്ത്രിയാകുമ്പോൾ എന്താണ് പ്രതിജ്ഞയെടുക്കുന്നത്. ആരോടും വെറുപ്പോ പ്രത്യേക വാത്സല്യമോ കൂടാതെ എല്ലാവർക്കും നല്ലതുചെയ്യുമെന്നാണ് സത്യവാചകം ചൊല്ലുന്നത്. പലരും തങ്ങൾ ചൊല്ലിയ സത്യവാചകംപോലും ശ്രദ്ധിക്കുന്നില്ല. മന്ത്രിയായിരുന്നപ്പോൾ വംശീയത പരിഗണിച്ച് ഒരാളെ നിയമിച്ചുവെന്ന് ഇപ്പോൾ കുറ്റസമ്മതം നടത്തുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് സമ്മതിക്കുകയാണ്. ഇത്തരം ആൾക്കാർ ഞാൻ സത്യപ്രതിജ്ഞാലംഘനം നടത്തണമെന്നാണോ പ്രതീക്ഷിക്കുന്നത്. ഞാൻ അവർക്ക് കടപ്പെടുന്നില്ല. ആരും നിയമത്തിന് അതീതരല്ല. ഇന്ത്യൻ പീനൽ കോഡ‍് മറികടന്ന് പ്രവർത്തിക്കാൻ രാഷ്ട്രപതിക്കോ ഗവർണർക്കോ പോലും കഴിയില്ല.''

  ടി പി സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റസമ്മതമാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്ന് വ്യക്തം.

  രമേശ് ചെന്നിത്തലയുടെ വാക്കുകൾ (ജനുവരി എട്ടിന്‌ തിരുവനന്തപുരത്ത് പറഞ്ഞത്) -

  'ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മഹേഷ് കുമാര്‍ സിംഗ്ല എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ് '

  മാധ്യമങ്ങളോട് സംസാരിക്കവെ തന്നെ കേരളത്തിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് ഒരു എം പി പറഞ്ഞ കാര്യവും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.

  ഗവർണറുടെ വാക്കുകൾ ഇങ്ങനെ-

  ''കേരളത്തിലെ ബഹുമാനപ്പെട്ട  ഒരു എംപി പറയുന്നു. ഗവർണറെ കേരളത്തിൽ സഞ്ചരിക്കാൻ അനുവദിക്കില്ല എന്ന്. ഈ മാസം ആദ്യമാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. അന്നു മുതൽ ഞാൻ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ ഞാൻ പറഞ്ഞു അദ്ദേഹം ഒരുതവണ എന്നെ തടയാൻ വന്നാൽ ഞാൻ മടങ്ങിപോകും. പക്ഷേ ഒരിക്കൽ മാത്രം. കേരള ജനതയോട് ഏറെ നന്ദിയുണ്ട്. എനിക്ക് അവരുടെ ഭാഷ സംസാരിക്കാനറിയില്ല. എങ്കിലും അവർ ഏറെ സ്നേഹവും വാത്സല്യവും എന്റെ മേൽ ചൊരിയുകയാണ്. കേരളത്തിൽ നിന്നും അല്ലാത്തവരോട് പ്രത്യേകിച്ച് ഒരു കാര്യം പറയാനുണ്ട്. കേരളത്തിലെ ജനങ്ങളെ പറ്റി തെറ്റിദ്ധാരണ വേണ്ട. ആഴത്തിൽ ദേശസ്നേഹമുള്ളവരാണ് കേരളീയർ. ദേശീയതയിൽ അവർ അഭിമാനം കൊള്ളുന്നു. അവിടത്തെ രാഷ്ട്രീയത്തിന്റെ പേരിൽ, അത് കേരള ജനതയുടെ നിലപാടായി മുദ്ര ചാർത്തേണ്ട. സമീപകാലത്ത് നിങ്ങൾ കണ്ട കാര്യങ്ങളൊന്നും കേരളീയരുടെ നിലപാടല്ല. അവർ ദേശസ്നേഹികളാണ്''.

  ജനുവരി രണ്ടിന് കുറ്റ്യാടിയിൽ നടന്ന കോൺഗ്രസ് ലോംഗ് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് കെ മുരളീധരൻ ഗവർണർക്കെതിരെ പരാമർശം നടത്തിയത്.
  Published by:Rajesh V
  First published: