• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രസംഗിക്കുന്നത് തടയാൻ ഇർഫാൻ ഹബീബ് ശ്രമിച്ചു; വ്യത്യസ്ത അഭിപ്രായങ്ങൾക്കെതിരെ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യപരമല്ലെന്ന് ഗവർണർ

പ്രസംഗിക്കുന്നത് തടയാൻ ഇർഫാൻ ഹബീബ് ശ്രമിച്ചു; വ്യത്യസ്ത അഭിപ്രായങ്ങൾക്കെതിരെ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യപരമല്ലെന്ന് ഗവർണർ

തനിക്ക് മുമ്പ് സംസാരിച്ചവർ ഭരണഘടന അപകടത്തിലാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അതിന് മറുപടി നൽകാനാണ് ശ്രമിച്ചതെന്ന് ഗവർണർ

arif mohammed khan speech kannur

arif mohammed khan speech kannur

  • Share this:
    തിരുവനന്തപുരം: കണ്ണൂരിൽ സർവകലാശാലയിൽ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത് ഹിസ്റ്ററി കോൺഗ്രസ് മുൻ അധ്യക്ഷൻ ഇർഫാൻ ഹബീബെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. തനിക്ക് മുമ്പ് സംസാരിച്ചവർ ഭരണഘടന അപകടത്തിലാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അതിന് മറുപടി നൽകാനാണ് ശ്രമിച്ചത്. എന്നാൽ വേദിയിൽനിന്നും സദസിൽനിന്നും ആളുകൾ പ്രതിഷേധം ഉയർത്തി പ്രസംഗം തടസപ്പെടുത്തുകയായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യപരമല്ലെന്നും ഗവർണർ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഗവർണറുടെ പ്രതികരണം.



    പ്രസംഗത്തിനിടെ മൌലാന അബ്ദുൾകലാമിന്‍റെ വാചകം ഉദ്ദരിച്ച തന്നോട് ഇർഫാൻ ഹബീബ് കയർത്തുകൊണ്ട് അടുത്തുവന്ന് പ്രസംഗം തടസപ്പെടുത്തുകയായിരുന്നു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇർഫാൻ ഹബീബ് പിടിച്ചുതള്ളുന്നത് വ്യക്തമാണെന്നും ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് ഗവർണർ പറഞ്ഞു.



    ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന സെഷനുകൾ മുമ്പൊരിക്കലും വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ കണ്ണൂർ സർവകലാശാലയിൽ നടന്ന 80-ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ചില സംഭവങ്ങളുണ്ടായി. പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചില കാര്യങ്ങൾ ഇർഫാൻ ഹബീബ് പറഞ്ഞു. ഇക്കാര്യങ്ങളിൽ മറുപടി നൽകാനായിരുന്നു തന്‍റെ ശ്രമം. എന്നാൽ ഇരിപ്പിടത്തിൽനിന്ന് ചാടി എഴുന്നേറ്റ ഇർഫാൻ ഹബീബ് ഗവർണറുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ട്വീറ്റിൽ പറയുന്നു.



    ഇന്ത്യൻ ചരിത്ര കോൺഗ്രസിൻറെ എൺപതാം പതിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് നേരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. ഉദ്ഘാടന പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി ആണ് സമ്മേളനത്തിനെത്തിയ പ്രതിനിധികൾ പ്രതിഷേധം മുഴക്കിയത്.

    ഗവർണറുടെ ഉദ്ഘാടന പ്രസംഗം പ്രതിഷേധത്തെത്തുടർന്ന് തടസ്സപ്പെട്ടു. സംഭവത്തിൽ അഞ്ച് ഗവേഷക വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ജെഎൻയുവിൽ നിന്നുള്ള ഗവേഷകനായ വിജയ് പ്രതാപ് അലിഗഢ് സർവകലാശാലയിൽ നിന്നുള്ള ബിതായത്തലി, മുഹമ്മദ് മുസ്തഫ സിദ്ധാത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചതായി ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ വ്യക്തമാക്കി.

    ഉദ്ഘാടന ചടങ്ങിനുശേഷം ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ വിളിച്ചുവരുത്തി. ഉദ്ഘാടന ചടങ്ങിൽ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ കെ.കെ രാഗേഷ് എംപിയുടെയും ഇർഫാൻ ഹബീബിന്‍റെയും പരാമർശങ്ങൾക്ക് ഗവർണർ മറുപടി പറഞ്ഞതാണ് പ്രതിനിധികളുടെ പ്രതിഷേധത്തിനിടയാക്കിയത്.
    Published by:Anuraj GR
    First published: