തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു. മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ പേര് ഗവർണർക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നാണ് നിയമോപദേശം. എന്നാൽ സജി ചെറിയാന്റെ കേസിലെ വ്യക്തത ഗവർണർക്ക് ആവശ്യപ്പെടാമെന്നും നിയമോപദേശത്തിലുണ്ട്.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടിയത്. ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമായി നിലനില്‍ക്കുമോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിച്ചത്.
ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താനാണ് സർക്കാരിന്റെ നീക്കം. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സർക്കാർ ഗവർണർക്ക് കത്തു നൽകിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
ജൂലൈ ആറിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവച്ചത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. അതേസമയം സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.