HOME /NEWS /Kerala / 'സ്ത്രീധനം വാങ്ങുന്നവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം'; സർവകലാശാല വിസിമാരോട് ഗവർണർ

'സ്ത്രീധനം വാങ്ങുന്നവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം'; സർവകലാശാല വിസിമാരോട് ഗവർണർ

Governor_Fasting

Governor_Fasting

'കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം'

കൂടുതൽ വായിക്കുക ...
 • Share this:

  തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കണമെന്ന് സര്‍വകലാശാലാ ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധന വിവാഹങ്ങളില്‍ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീധനത്തിനെതിരെയുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സത്യാഗ്രഹത്തിന്റെ കാര്യം മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്തുണ അറിയിച്ചെന്നും ഗവര്‍ണര്‍. സ്ത്രീധനത്തിനെതിരേയുള്ള സത്യാഗ്രഹത്തിന്റ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  രാവിലെ എട്ടുമണിക്ക് രാജ്ഭവനില്‍ തുടങ്ങിയ സത്യാഗ്രഹം വൈകിട്ട് ആറിന് തൈക്കാട് ഗാന്ധിഭവനില്‍ നാരങ്ങാ നീര് കുടിച്ച് ഗവര്‍ണര്‍ അവസാനിപ്പിച്ചു. അതിനുമുന്‍പ് ഒന്നരമണിക്കൂറിലേറെ ഗാന്ധിഭവനിലും ഗവര്‍ണര്‍ സത്യാഗ്രഹം തുടര്‍ന്നു.

  വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരള സമൂഹത്തിന് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ ഭൂഷണമല്ല. സാംസ്‌കാരികമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. മൂല്യങ്ങളുടെ അധഃപതനത്തെയാണ് ഇത്

  സൂചിപ്പിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യകൊണ്ട് നേടേണ്ടത് വിദ്യാഭ്യാസമാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ കമ്പോളത്തില്‍ മൂല്യം ഉയര്‍ത്താനല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

  അതുപോലെ ജനപ്രതിനിധികള്‍ക്കും കത്തെഴുതും. തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ ആ വിവാഹത്തില്‍ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നു കണ്ടാല്‍ അവര്‍ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അത്തരം വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും വേണം. അതിനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണം. പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാന്‍ തയാറാകണം. അമ്മമാര്‍ മക്കളെ സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം. നിയമത്തിനോ പോലീസിനോ മാത്രമല്ല, സമൂഹമാണ് ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടത്. സമൂഹത്തില്‍ ബോധവത്കരണമുണ്ടാകണം. അതിന് ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം. സാമൂഹിക അവബോധമില്ലാത്തതു കൊണ്ടല്ല, കേരളത്തില്‍ ഇതെല്ലാം സംഭവിക്കുന്നത്. സാമൂഹിക സൂചികകളില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. സ്ത്രീധന വിഷയത്തിലും കേരളം അവസരത്തിനൊത്ത് ഉയരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

  ഉപവാസത്തില്‍ രാഷ്ട്രീയമില്ല; മുഖ്യമന്ത്രിയുടേയും പ്രതിപക്ഷത്തിന്റേയും പിന്തുണ

  ഉപവാസത്തില്‍ രാഷ്ട്രീയമില്ലെന്ന് ഗവര്‍ണര്‍. ഉപവാസം സര്‍ക്കാരിനെതിരേയാണെന്ന ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ആരോപണങ്ങളെ ഗവര്‍ണര്‍ തള്ളിക്കളഞ്ഞു. രാഷ്ട്രീയമുണ്ടോയെന്ന ചോദ്യം ഇരുട്ടില്‍ കറുത്ത പൂച്ചയെ തപ്പുന്നതു പോലെയാണ്. രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ നല്ല പിന്തുണയാണ് കിട്ടിയത്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

  മന്ത്രി മുഹമ്മദ് റിയാസ് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. തിരുവനന്തപുരത്ത് ഇല്ലാത്തതുകൊണ്ടാണ് ഉപവാസത്തില്‍ പങ്കെടുക്കത്തത് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി രാജ്ഭവനില്‍ എത്തി പിന്തുണ അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും സ്ത്രീധന പീഡന വിഷയത്തില്‍ നല്ല നിലപാടാണ് സ്വീകരിച്ചത്. നിയമം കൊണ്ടു മാത്രം തടയാവുന്ന കാര്യമല്ലെന്നും കുറ്റകൃത്യം ഉണ്ടാകാതിരിക്കാനുള്ള സാമൂഹിക ബോധം വളര്‍ത്തലാണ് പ്രധാനമെന്നും അവര്‍ പറഞ്ഞതായും ഗവര്‍ണര്‍.

  ഗാന്ധിഭവനില്‍  ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, അഡ്വ. അയ്യപ്പന്‍പിള്ള, സൂര്യകൃഷ്ണമൂര്‍ത്തി, പണ്ഡിറ്റ് രമേശ് നാരായണന്‍, ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ഡോ. ഗോപാലകൃഷ്ണന്‍ നായര്‍,  ഫാദര്‍ യൂജിന്‍ പെരേര, സ്വാമി അശ്വതിതിരുനാള്‍ എന്നിവര്‍ സംസാരിച്ചു.

  രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിച്ച ഗവര്‍ണര്‍ വൈകിട്ട് നാലരയ്ക്ക് ഗാന്ധിഭവനിലെത്തി ഉപവാസത്തില്‍ പങ്കുചേരുകയായിരുന്നു.  ഉപവാസം അവസാനിച്ചപ്പോള്‍ എല്ലാവര്‍ക്കും ഗവര്‍ണര്‍ തന്നെ നാരങ്ങാനീര് എടുത്തു നല്‍കി. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിയാണ് ഗവര്‍ണര്‍ക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചത്.

  First published:

  Tags: Arif Muhammed Khan, Cm pinarayi vijayan, Dowry harassment, Governor, Kerala government, Kerala police