നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പരാതിക്കാർ രാഷ്ട്രപതിയെ സമീപിക്കട്ടെ'; തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ

  'പരാതിക്കാർ രാഷ്ട്രപതിയെ സമീപിക്കട്ടെ'; തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ

  'പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ.'

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

   'പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നതിന് അര്‍ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ലെന്നും' ഗവര്‍ണര്‍ വ്യക്തമാക്കി.

   സർക്കാരിനെ ഉപദേശിക്കാനും മുന്നറിയിപ്പു നൽകാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സർക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ സ്ഥാനത്തുനിന്നു മാറ്റാൻ പ്രതിപക്ഷം നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും മാധ്യമങ്ങളോടു ഗവർണർ പറഞ്ഞു.

   Also Read- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; നിയമസഭയിൽ പ്രമേയവുമായി രമേശ് ചെന്നിത്തല

   നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ വിഷയത്തെക്കുറിച്ചുള്ള ഭാഗം തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, മാധ്യമങ്ങളിലൂടെ ആ വിഷയം ചർച്ച ചെയ്യാനില്ലെന്ന് ഗവർണർ പറഞ്ഞു. എല്ലാവർ‌ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗവർണറും സർക്കാരുമായി ഏറ്റുമുട്ടലുണ്ടെന്ന പ്രചാരണം മാധ്യമങ്ങൾ നടത്തരുത്. ഭരണഘടന അനുസരിച്ച് ഗവർണർ സംസ്ഥാനത്തിന്റെ തലവനാണ്. സർക്കാരിനെ ഉപദേശിക്കാനും മുന്നറിയിപ്പ് നൽകാനും പ്രോത്സാഹിപ്പിക്കാനും തിരുത്താനുമുള്ള അധികാരം ഗവർണർക്കുണ്ട്.- അദ്ദേഹം പറഞ്ഞു.

   സംസ്ഥാന സർക്കാർ പൗരത്വ നിയമ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് ഗവർണർ ആവർത്തിച്ചു. കേന്ദ്ര–സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുൻപ് ഗവർണർ ഫയൽ കാണണം. മന്ത്രിമാർ വന്നുകണ്ടപ്പോൾ അവരോടതു പറഞ്ഞു. മന്ത്രിമാർ ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോടു പറഞ്ഞതിനു ശേഷമാണു താൻ മാധ്യമങ്ങളെ കണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഏറ്റമുട്ടലല്ലെന്നും ഗവർണർ പറഞ്ഞു.

   ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷ നേതാവ്

   നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേസം അവതരിപ്പിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയത്. പൗരത്വ ഭേദഗതി നീയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ നിലനിൽപ്പില്ലെന്ന് വിമർശിച്ചത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന്, നീയമസഭാ ചട്ടം 130 അനുസരിച്ച് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് പറയുന്നു.

   സ്പീക്കറുടെ അനുമതിയോടെ സഭ ചർച്ച ചെയ്ത് പാസാക്കിയ പ്രമേയത്തെ നിയമസഭയുടെ ഭാഗമായ ഗവർണർ പരസ്യമായി തളളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസിനെ ചോദ്യം ചെയ്യുകയും അധികാരങ്ങളെ ഹനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സഭയുടെ നടപടിയിൽ അതൃപ്തി ഉണ്ടെങ്കിൽ അത് രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അതിന് വിരുദ്ധമായ നടപടിയിൽ പ്രതിഷേധിച്ചാണ് നീയമസഭാ ചട്ടം 130 പ്രകാരം സബ്സ്റ്റാൻഷിവ് മോഷൻ അവതരിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

   ഗവർണറെ തിരിച്ചുവിളിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാമെന്ന് 1989ൽ വർക്കല രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ റൂളിങ്ങ് നൽകിയിട്ടുണ്ട്. അന്ന് ഗവർണറായിരുന്ന രാംദുലാരി സിൻഹയ്ക്ക് എതിരെ നായനാർ സർക്കാരാണ് പ്രമേയം കൊണ്ടുവന്നത്. കോഴിക്കോട് സർവ്വകലാശാല സെനറ്റിലേക്കുളള മന്ത്രിസഭയുടെ ശുപാർശ ഗവർണർ തളളിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രമേയം.

   പ്രതിപക്ഷ നേതാവ് കൊണ്ടുവരുന്ന ഈ പ്രമേയത്തോട് സർക്കാർ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ഗവർണറെ എതിർക്കുന്ന സംസ്ഥാന സർക്കാറിന് പ്രമേയത്തെ തളിപ്പറയാൻ കഴിയാത്ത സാഹചര്യമുണ്ട്.
   First published:
   )}