• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് വൈഎംസിഎയുടെ കൈവശമുണ്ടായിരുന്ന 50 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്തു; കുത്തിയിരുപ്പ് സമരവുമായി ബിഷപ്പുമാർ

കൊല്ലത്ത് വൈഎംസിഎയുടെ കൈവശമുണ്ടായിരുന്ന 50 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്തു; കുത്തിയിരുപ്പ് സമരവുമായി ബിഷപ്പുമാർ

1985 സാമ്പത്തിക വർഷം മുതലുള്ള പാട്ടത്തുക അടയ്​ക്കാതെ ആറു ​കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്​തെന്നാണ് സർക്കാരിന്റെ വാദം. അതേസമയം സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് വൈഎംസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Kollam_bishops_Protest

Kollam_bishops_Protest

  • Last Updated :
  • Share this:
കൊല്ലം: പാട്ടക്കരാർ ലംഘനത്തെ തുടർന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി തിരിച്ചെടുക്കാനുളള നടപടി സർക്കാർ തുടങ്ങി. ഒഴിപ്പിക്കൽ നടപടികൾക്ക് റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുറമ്പോക്ക് ബോർഡ് സ്ഥാപിച്ചു. ദീർഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. പാട്ടവ്യവസ്ഥകൾ ലംഘിച്ചും നിയമവിരുദ്ധമായി സർക്കാർ ഭൂമി വൈഎംസിഎ കൈവശം ​വച്ചെന്നുമാണ് റവന്യൂ വിഭാഗം കണ്ടെത്തിയത്. വൈഎംസിഎ നൽകിയ അപ്പീൽ തള്ളിയതായി അഡീഷനൽ ചീഫ്​ സെക്രട്ടറി എ. ജയതിലക്​ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാർ പുതുക്കാനുള്ള അപേക്ഷ നൽകില്ല. 1985 സാമ്പത്തിക വർഷം മുതലുള്ള പാട്ടത്തുക അടയ്​ക്കാതെ ആറു ​കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്​തെന്നാണ് സർക്കാരിന്റെ വാദം. അതേസമയം സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് വൈഎംസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൊല്ലം ഈസ്റ്റ് വില്ലേജില്‍1947 ലെ കുത്തക പാട്ട ചട്ടങ്ങള്‍ പ്രകാരം വൈ.എം.സി.എ ക്ക് പതിച്ചു കൊടുത്ത 85 സെൻ്റ് ഭൂമിയാണ് സർക്കാർ തിരിച്ചെടുത്തത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്‍റെ പ്രവര്‍ത്തനവും ആരംഭിച്ചു. നഗര ഹൃദയത്തിലെ ഭൂമിക്ക് 50 കോടിയെങ്കിലും മതിപ്പു വില വരും. വൈ എം സിഎയും കേരള സർക്കാരും തമ്മിൽ ദീർഘ നാളായി ഇതെ ചൊല്ലി നിയമയുദ്ധം നടന്നു വരികയായിരുന്നു.

1960 ലെ ലാൻഡ് അസൈന്‍മെന്‍റ് ആക്ട് നിലവിൽ വന്നതോടെ കുത്തക പാട്ട നിയമം ഇല്ലാതായി. 1960 ലെ നിയമപ്രകാരം കുത്തക പാട്ടം ലഭിച്ചിട്ടുള്ള വ്യക്തികള്‍ 1995 ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പ്രസ്തുത ഭൂമി പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ നാളിതു വരെ ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ വൈ.എം.സി.എ നല്‍കിയിരുന്നില്ല. ഇപ്രകാരമുള്ള അപേക്ഷ നല്‍കുവാനും നിലവിലുള്ള പാട്ട കുടിശ്ശിക അടക്കുവാനും ജില്ലാ കളക്ടര്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടും വൈ.എം.സി.എ അതിനു തയ്യാറായില്ല. കൂടാതെ പാട്ട കുടിശ്ശിക ഇനത്തില്‍ 6 കോടിയോളം രൂപ വൈ.എം.സി.എ സര്‍ക്കാരിലേക്ക് അടക്കാനുണ്ട്.

ഈ സാഹചര്യത്തില്‍ വൈ.എം.സി.എ ക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വൈ.എം.സി.എ യുടെ പാട്ട കുടിശ്ശിക നിയമപരമായി ഈടാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വൈ.എം.സി.എ ഹൈക്കോടതിയിൽ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. വൈ.എം.സി.എ യുടെ വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കുവാന്‍ ഹൈക്കോടതി ഉത്തരവായി. വൈ.എം.സി.എ യുടെ വാദം കേട്ടതിന് ശേഷം പാട്ടം റദ്ദ് ചെയ്യുന്നതിനുള്ള നടപടി അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ നടപടി ക്രമം പുറപ്പെടുവിച്ചു. ഇതിനെതിരെ വൈ.എം.സി.എ സര്‍ക്കാരില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. റിവിഷന്‍ ഹര്‍ജിയില്‍ തീരുമാനമെടുക്കുവാന്‍ താമസമുണ്ടായപ്പോള്‍ വൈ.എം.സി.എ റിട്ട് ഹര്‍ജി
ഫയല്‍ ചെയ്തു. വൈ.എം.സി.എ യുടെ വാദം വിണ്ടും കേട്ട് തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. തുടര്‍ന്ന് നടന്ന ഹിയറിങ്ങുകളിൽ ഒന്നും യുക്തിസഹമായ വാദമുഖങ്ങൾ അവതരിപ്പിക്കാൻ വഐ എം സിഎ ക്കായില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2007ല്‍ വൈ.എം.സി.എ ക്ക് നല്‍കിയ പാട്ടം റദ്ദ് ചെയ്തുകൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് തീരുമാനിക്കുകയുണ്ടായി. പാട്ട വ്യവസ്ഥ ലംഘിച്ചതിനാലും വൈ.എം.സി.എ ക്ക് ഭൂമി നല്‍കുന്നതില്‍ പൊതുതാത്പര്യമില്ലായെന്ന് കണ്ടും വൈ.എം.സി.എ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളികൊണ്ട് ഇക്കഴിഞ്ഞ 14ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ച ശേഷം
സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയാണുണ്ടായത്.

എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് സഭ കൈകൊണ്ട പ്രതികൂല നിലപാടിനെ തുടർന്നാണ് ഇടതുമുന്നണിയുടെ രാഷ്ട്രീയ മറുപടി എന്ന വ്യാഖ്യാനവും ഉയരുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലാണ് ലത്തീൻ സഭ അന്നത്തെ സർക്കാരിനെതിരെ നിലപാടെടുത്തത്. രണ്ടുതവണയായി ഇടയലേഖനം പുറത്തിറക്കുകയും ചെയ്തു. തീരദേശ ജനതയെ സർക്കാർ വഞ്ചിക്കുന്നു എന്ന നിലയിലായിരുന്നു ഇടയലേഖനങ്ങൾ. മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്തിരെയും ഇടയലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. കുണ്ടറ നിയോജക മണ്ഡലത്തിൽ ബോംബ് ആക്രമണ നാടകം വരെ തിരഞ്ഞെടുപ്പ് ദിനത്തിൽ അരങ്ങേറി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഉൾപ്പെട്ട ഇ എം സി സി കമ്പനി ഡയറക്ടർ ബിജു വർഗീസ് കുണ്ടറയിൽ സ്ഥാനാർത്ഥിയായി എത്തിയിരുന്നു. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ ആയിരുന്നു പ്രധാന മത്സരം. ഷിജുവിനെ വാഹനം തിരഞ്ഞെടുപ്പ് ദിനത്തിൽ ആക്രമിക്കപ്പെട്ടു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് അതൊരു ആക്രമണ നാടകമാണെന്ന് കണ്ടെത്തിയത്.

പ്രതിഷേധിച്ച് ബിഷപ്പുമാർ

കൊല്ലം വൈഎംസിഎയുടെ പക്കലുണ്ടായിരുന്ന കുത്തക പാട്ടഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ ക്രൈസ്തവ സഭാ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം. വൈഎംസിഎയ്ക്കു മുന്നില്‍ സംഘടിപ്പിച്ച സമരത്തില്‍ മൂന്നു ക്രൈസ്തവ സഭകളിലെ ബിഷപ്പുമാര്‍ പങ്കെടുത്തു. സ്ഥലം ഏറ്റെടുക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് കുറ്റപ്പെടുത്തിയ ബിഷപ്പുമാര്‍ പക്ഷേ സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കാന്‍ തയാറായതുമില്ല.

ലത്തീന്‍സഭ കൊല്ലം രൂപത അധ്യക്ഷന്‍ പോള്‍ ആന്‍റണി മുല്ലശേരി, ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ സക്കറിയാസ് മാര്‍ അന്തോണിയോസ്, സിഎസ്ഐ സഭ ബിഷപ്പ് ഉമ്മന്‍ ജോര്‍ജ് എന്നിവരാണ് വൈഎംസിഎ കവാടത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്. ഭൂമി ഏറ്റെടുത്ത നടപടിയില്‍ പ്രതിഷേധമറിയിച്ച ബിഷപ്പുമാര്‍ പഴി മുഴുവന്‍ ഉദ്യോഗസ്ഥരിലാണ് ചുമത്തുന്നത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെയാവാം സര്‍ക്കാര്‍ നടപടിയെന്ന പ്രസ്താവനയിലൂടെ പ്രശ്ന പരിഹാരത്തിനുളള വഴികള്‍ തുറന്നിടുകയും ചെയ്യുകയാണ് ക്രൈസ്തവ സഭകളുടെ നേതൃത്വം.

അടുത്തയാഴ്ച തന്നെ മുഖ്യമന്ത്രിയടക്കമുളളവരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനുളള നീക്കത്തിലാണ് വൈഎംസിഎ നേതൃത്വം. അതുകൊണ്ടു കൂടിയാണ് രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിമര്‍ശനം കടുപ്പിക്കാത്തതും. അതേസമയം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് പി. സി. വിഷ്ണുനാഥ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
Published by:Anuraj GR
First published: