തിരുവനന്തപുരം: മതപരായ കാരണങ്ങളാൽ ഒമ്പത് പ്ലസ് ടു വിദ്യാർഥികൾക്ക് സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതാൻ സർക്കാർ അനുമതി നൽകി. സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭയിൽപ്പെട്ട വിദ്യാർഥികൾക്കാണ് അഭ്യർഥന മാനിച്ച സർക്കാർ പ്രത്യേക അനുമതി നൽകിയത്. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഇപ്പോൾ നടക്കുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ കാര്യത്തിലാണ് പ്രത്യേക ഇളവ് അനുവദിച്ചത്.
ഇംപ്രൂവ്‌മെന്റ് പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ പ്രൊട്ടസ്റ്റന്‍റ് വിഭാഗമായ സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള പ്രതിവാര വിശുദ്ധ പ്രാർഥനാ സമയമായതിനാലാണ് ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.
"പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിൾ ശനിയാഴ്ച ഒഴികെ മറ്റേതെങ്കിലും ദിവസങ്ങളിലോ അല്ലെങ്കിൽ ശനിയാഴ്ച സൂര്യാസ്തമയത്തിന് ശേഷമോ ക്രമീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ച് വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെ ആഴ്ചതോറുമുള്ള വിശുദ്ധ ശബ്ബത്ത് ആചരിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നത്”സഭ വ്യക്തമാക്കി.
ഗണിതശാസ്ത്രം, ബയോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുള്ള ഇംപ്രൂവ്മെനറ് പരീക്ഷയാണ് ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നടത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇത് തങ്ങളുടെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സഭ നേതൃത്വം വിശദീകരിച്ചത്.
സെവൻത് ഡേ അഡ്വെന്റിസ്റ്റ് കുടുംബങ്ങളുമായും പാസ്റ്റർമാരുമായും ബന്ധമുള്ള എല്ലാ കുടുംബങ്ങളിലുംപെട്ട വിദ്യാർഥികൾക്ക് ശനിയാഴ്ച പകൽ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഉടൻ തന്നെ പള്ളി അധികൃതർ മുഖേന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇക്കാര്യത്തിൽ മാറ്റം ആവശ്യപ്പെട്ട് നിവേദനം നൽകുകയായിരുന്നു. സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ചിലെ ഒൻപത് വിദ്യാർത്ഥികൾക്ക് വൈകുന്നേരം 6 മണിക്ക് ശേഷവും ഗണിതശാസ്ത്ര പരീക്ഷ രാവിലെയും എഴുതാൻ അനുവാദം നൽകണമെന്ന് ഡിപിഐ ഉത്തരവിറക്കി.
"വിദ്യാർത്ഥികൾ രാവിലെ 9: 30 ന് മുമ്പ് കൊല്ലത്തെ പരീക്ഷാകേന്ദ്രത്തിൽ വരണം. പ്രത്യേകമായി ക്രമീകരിച്ച മുറിയിൽ വൈകുന്നേരം 6 മണി വരെ കാത്തിരിക്കേണ്ടിവരും. മൊബൈൽ ഫോണുകളോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളോ ഉപയോഗിക്കാൻ അവരെ അനുവദിക്കില്ല. വൈകുന്നേരം 6 മണിക്ക് ശേഷം അവർക്ക് പരീക്ഷ എഴുതാം, ”ഉത്തരവിൽ പറയുന്നു.
സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ചിലെ പാസ്റ്റർ ടിറ്റോ അരാട്ടുകുളം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും രാജ്യമെമ്പാടും ഈ മാതൃക പിന്തുടരണമെന്നും പറഞ്ഞു. "സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ചിലുള്ളവർക്ക്, വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ശബ്ബത്ത് സമയമാണ്. ഈ സമയം വിശ്വാസികൾ പ്രാർഥനയിൽ മാത്രം മുഴുകിയിരിക്കുകയാണ് ചെയ്യുന്നത്. സഭ നൽകിയ നിവേദനത്തിനു ശേഷം സംസ്ഥാന സർക്കാർ അനുകൂലമായ തീരുമാനമെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ട്"- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Education department, Kerala Education, Kerala govt, Kerala Schools, Plus two Examination, Seventh Day Adventist