തിരുവനന്തപുരം: യൂറോപ്പ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് സർക്കാർ ചെലവിൽ സ്വകാര്യ ഏജൻസികളുടെ സുരക്ഷ. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഡിജിപി നേരിട്ട് ഏർപ്പാടാക്കിയ സ്വകാര്യസുരക്ഷയ്ക്കുള്ള ചെലവ് ഡിജിപിയുടെ ഫണ്ടിൽനിന്ന് ഈടാക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ ജോസ് ഉത്തരവിട്ടു. യൂറോപ്പിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 10 ലക്ഷത്തിലേറെ രൂപ ചെലവായാതയാണ് വിവരം.
ഇക്കഴിഞ്ഞ മെയ് എട്ടുമുതൽ 19 വരെയാണ് മുഖ്യമന്ത്രി യൂറോപ്പിൽ പോയത്. നെതർലൻഡ്, സ്വിസ്റ്റർലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര. മാലിന്യസംസ്ക്കരണം, തുറമുഖങ്ങളുടെ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് മുഖ്യമന്ത്രിയും സംഘവും ചർച്ച നടത്തിയിരുന്നു.
![cm_europe_security]()
cm_europe_security
വിദേശത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് ഏപ്രിൽ അഞ്ചിന് ഡിജിപി എംബസികൾക്കും വിദേശകാര്യമന്ത്രാലയത്തിനും കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ എംബസികളുടെ സഹകരണത്തോടെ സ്വകാര്യ ഏജൻസി സുരക്ഷ ലഭ്യമാക്കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര ധൂർത്താണെന്ന് കാട്ടിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനുള്ള ചെലവ് സർക്കാർ ഫണ്ടിൽനിന്ന് ഈടാക്കിയതിന്‍റെ വിവരം പുറത്തുവരുന്നത്. മുമ്പ് കേരളത്തിലെ മുഖ്യമന്ത്രിമാർ വിദേശത്ത് പോയപ്പോൾ ഇത്തരത്തിൽ സ്വകാര്യസുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.