കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 2 ലക്ഷം രൂപ അനുവദിച്ചു. കൽപ്പറ്റ പ്രോജക്ട് ഓഫീസർ മുഖേന തുക ഉടൻ കൈമാറും. വിശ്വനാഥന്റെ മരണത്തിൽ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
സംഭവത്തെപ്പറ്റി ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടും വിശദമായ റിപ്പോർട്ട് മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽപെട്ട വിശ്വനാഥന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിരുന്നു.
Also Read- കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസ്; ആൾക്കൂട്ട മർദ്ദനത്തിന് പ്രാഥമിക തെളിവുകളില്ലെന്ന് പോലീസ്
ഇതിനിടയിൽ വയനാട് എം പി രാഹുൽ ഗാന്ധി കൽപ്പറ്റയ്ക്കടുത്ത വിശ്വനാഥന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. അന്വേഷണം വേണമെന്ന ആവശ്യം രാഹുലിനോടും കുടുംബം ഉന്നയിച്ചു. വിശ്വനാഥന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്ത് വന്നേക്കും. കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ കേസിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Also Read- ‘കുഞ്ഞുണ്ടായത് എട്ടുവര്‍ഷത്തിന് ശേഷം; ജീവനൊടുക്കില്ല’; കോഴിക്കോട് യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപണം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടായതെന്നും മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.