• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കൾക്ക് സർക്കാർ മുന്നറിയിപ്പ്

മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കൾക്ക് സർക്കാർ മുന്നറിയിപ്പ്

  • Last Updated :
  • Share this:
    തിരുവനന്തപുരം : മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളിപ്പോകുന്ന മക്കള്‍ക്കെതിരെ സര്‍ക്കാർ. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിൽ മക്കളോ അടുത്ത ബന്ധുക്കളോ ഉള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് നിയമം. എന്നാൽ ഇത്തരത്തിൽ കഴിയുന്ന നാൽപ്പത്തിയാറ് ശതമാനത്തോളം ആളുകൾക്കും മക്കൾ അടക്കമുള്ള അടുത്ത ബന്ധുക്കൾ ഉണ്ടെന്ന് സാമൂഹിക നീതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നത്.

    വൃദ്ധസദനങ്ങളിൽ നിന്ന് മാതാപിതാക്കളെ ഒപ്പം കൂട്ടാൻ മക്കൾക്ക് നിർദേശം നൽകും. ഇതിന് തയ്യാറാകാത്തവർക്കെതിരെ നിയമനടപടികൾ തന്നെ സ്വീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സാമൂഹിക വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

    Also Read-ആശുപത്രികളുടെ കൊള്ള അവസാനിക്കുമോ? ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം ജനുവരി ഒന്ന് മുതൽ

    സംസ്ഥാനത്ത് അഞ്ഞൂറിലധികം വൃദ്ധസദനങ്ങളിലായി ഇരുപതിനായിരത്തോളം പേർ കഴിയുന്നതായാണ് കണക്കുകൾ. ഇവരിൽ ഭൂരിഭാഗവും മക്കളുടെ മർദ്ദനം സഹിക്കാതെ വീടു വിട്ടിറങ്ങിയതാണ്. ബാക്കി ചിലരെ മക്കൾ തന്നെ നടതള്ളിയതും. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്താറുണ്ടെങ്കിലും ഇവർ മാതാപിതാക്കളെ തിരികെ കൊണ്ടു പോകാൻ തയ്യാറാകില്ല. സർക്കാർ ഉദ്യോഗസ്ഥരടക്കം വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വരെ ഈ പട്ടികയിലുണ്ട്.

    Also Read-'ശബരിമല വിധി: സുപ്രീംകോടതിക്ക് പിഴവ് പറ്റി' മുൻ അറ്റോണീ ജനറൽ

    ലീഗൽ സർവീസസ് സൊസൈറ്റി ഇക്കാര്യത്തിൽ ഇടപെട്ട് മക്കളുമായി ചർച്ച നടത്താറുണ്ടെങ്കിലും മാതാപിതാക്കളെ കൊണ്ടു പോകാനോ അവർക്ക് ജീവനാംശം നൽകാൻ പോലുമോ ഇവർ തയ്യാറാകുന്നില്ല. ആ സാഹചര്യത്തിലാണ് സര്‍ക്കാർ ഇടപെടുന്നത്. സാമൂഹിക നീതി വകുപ്പ് തന്നെ 2007 ൽ പാസാക്കിയ വയോജനക്ഷേമസംരക്ഷണ നിയമം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിയമം കാര്യക്ഷമമല്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കടുപ്പിച്ചിരിക്കുന്നത്.

    ഇതിന്റെ ഭാഗമായി സദനങ്ങളിൽ കഴിയുന്ന അന്തേവാസികളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് നടപടികൾ എടുക്കാൻ സാമൂഹിക നീതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അന്തേവാസികളുടെ വ്യക്തിഗത വിവരങ്ങളും കൃത്യമായി ശേഖരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണം.

    First published: