തിരുവനന്തപുരം: മദ്യവുമായി പോയ സ്വീഡിഷ് പൗരനെ (Swedish national) തടഞ്ഞുവെച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയ്ക്കെതിരെ അന്വേഷണവും ഉണ്ടാകും.
സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിഐയുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന് സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റില് നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്.
ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റീഫന്‍ ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് കൈവശമില്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല.
വീണ്ടും പോലീസുകാര്‍ ബില്ല് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ നിന്ന് രണ്ടു കുപ്പിയെടുക്കുകയും അതിലുണ്ടായിരുന്ന മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കുകയും ചെയ്തു. അതിന് ശേഷം മൂന്നാമെത്ത കുപ്പി ബാഗില്‍ ത്തന്നെ വച്ചു.
പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോള്‍ തനിക്കുണ്ടായ മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kerala tourism, Kovalam