തലസ്ഥാന നഗരം യാഗശാലയാവുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് (Attukal Pongala) ഇക്കുറിയും ഹരിത പ്രോട്ടോകോൾ (Green Protocol). ലക്ഷക്കണക്കിന് ഭക്തർ ഇന്നേ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം അർപ്പിക്കാനെത്തും. ഫെബ്രുവരി 27ന് ‘കാപ്പുകെട്ടി കുടിയിരുത്തൽ’ മുതലാണ് ഉത്സവം ആരംഭിച്ചത്. സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന് വിവിധ മേഖലകളിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
പൊങ്കാലയിൽ പങ്കെടുക്കുന്നവർ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അഭ്യർത്ഥിച്ചു. ഭക്തർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അന്നദാതാക്കൾക്കായി സിറ്റി കോർപ്പറേഷൻ മുൻകൂർ രജിസ്ട്രേഷൻ വ്യവസ്ഥ ചെയ്തിരുന്നു.
Also read: കോവിഡ് ഭീതിയില്ലാതെ ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി
പരിപാടിക്കിടെ തീപിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ അഗ്നിശമന സേനാ വിഭാഗം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്തർ പുറപ്പെടുന്നതിന് മുമ്പ് താൽക്കാലിക ഇഷ്ടിക അടുപ്പുകൾ പൂർണ്ണമായും അണയ്ക്കാനും നിർദ്ദേശമുണ്ട്.
ജല അതോറിറ്റിയും നഗരസഭയും അധിക ജലവിതരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പൊങ്കാല മേഖലയിൽ മാത്രം 1350 താൽക്കാലിക ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി നഗരത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയൽ ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ 3,840 പോലീസുകാരെ വിന്യസിച്ചതായി പോലീസ് വകുപ്പ് അറിയിച്ചു. മൊത്തം വിന്യാസത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് പേരും വനിതാ പൊലീസാണ്. ഇവർ ആൾക്കൂട്ട നിയന്ത്രണം, ക്രൈം സർവൈലൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ഷേത്രത്തിന് സമീപം പോലീസ് പ്രധാന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പരിപാടി പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്നതിന്റെ ഭാഗമായി വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.