• HOME
 • »
 • NEWS
 • »
 • kerala
 • »
 • Marriage | വിവാഹ ഉടമ്പടി ഏറ്റു ചൊല്ലില്ലെന്ന് വരന്‍, താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി

Marriage | വിവാഹ ഉടമ്പടി ഏറ്റു ചൊല്ലില്ലെന്ന് വരന്‍, താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി

വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറായില്ല

 • Share this:
  താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയാറാകാത്തതിനെ തുടര്‍ന്ന് വധുവിനെ വീട്ടുകാർ വധുവിന്റെ വീട്ടിലേക്ക് തിരികെ കൊണ്ടു പോയി.പാപ്പനംകോട് സ്വദേശിയാണ് വരൻ.വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള  ശുശ്രൂഷകൾ ആദ്യ ഘട്ടം പൂർത്തിയാക്കി വരൻ വധുവിനു താലി ചാർത്തി. മോതിരവും കൈമാറി. വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി ഏറ്റു ചൊല്ലുന്നതായിരുന്നു അടുത്ത ചടങ്ങ്. എന്നാൽ ഇതിനു വരൻ തയാറായില്ല. കൂടാതെ രജിസ്റ്ററില്‍ ഒപ്പുവെക്കാനും വിസമ്മതിച്ചു.

  ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും ആശങ്കയിലായി.  വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു.

  Also Read- വീട്ടിൽനിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അറി‍ഞ്ഞത്. വിവാഹ റജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങിയെന്നു കാട്ടാക്കട പൊലീസ് പറഞ്ഞു.

  Wedding Row | വിവാദത്തിന് വിട; കോടഞ്ചേരി ഷെജിനും ജോയ്സനയും വിവാഹം രജിസ്റ്റർ ചെയ്തു; സാക്ഷികളായി CPM നേതാക്കൾ


  കോഴിക്കോട്: മിശ്രവിവാഹ വിവാദത്തിനിടയാക്കിയ സംഭവങ്ങൾക്കൊടുവിൽ കോടഞ്ചേരിയിലെ ഷെജിനും ജോയ്സനയും വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷിജി ആന്‍റണി, കെ പി ചാക്കോച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.

  കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷെജിൻ എം.എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും സൌദിയിൽ നഴ്സുമായിരുന്ന ജോയ്സന ജോസഫും തമ്മിലുള്ള പ്രണയവും നാടുവിടലും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതര സമുദായക്കാരായ ഷെജിൻ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന്ന ചൂണ്ടിക്കാട്ടി ജോയ്സനയുടെ പിതാവ് ജോസഫ് പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.

  Also Read- ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാകുകയാണ് പ്രതിപക്ഷം: വിഡി സതീശന്‍

  അതിനിടെ സംഭവത്തിൽ ലവ് ജിഹാദ് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ ജോയ്സനയെ തട്ടിക്കൊണ്ടുപോയതാണെന്ന പിതാവിന്‍റെ പരാതി ഹൈക്കോടതി തള്ളുകയും ചെയ്തു. ഷെജിന്‍റെയും ജോയ്സനയുടെയും വിശദീകരണം കേട്ട കോടതി ഇരുവരെയും ഒരുമിച്ച് പോകാൻ അനുവദിക്കുകയായിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി നേരിൽ കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചിരുന്നു.

  സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.  സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായാണ് നാട്ടിലെത്തിയത്.
  Published by:Arun krishna
  First published: