• HOME
  • »
  • NEWS
  • »
  • kerala
  • »
  • തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി സംഘടന തെരഞ്ഞെടുപ്പ് നടക്കട്ടേ;തുറുപ്പ് ചീട്ടിറക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍

തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി സംഘടന തെരഞ്ഞെടുപ്പ് നടക്കട്ടേ;തുറുപ്പ് ചീട്ടിറക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍

ഇതുവരെ സംഘട തിരഞ്ഞെടുപ്പെന്ന വാദത്തെ എതിര്‍ത്തിരുന്നവരാണ് പുതിയ സാഹചര്യത്തില്‍ നിലപാട് മാററി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്

  • Share this:
    തിരുവനന്തപുരം: പുതിയ ലിസ്റ്റിന് പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്‍തുണയുണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തുകയെന്ന വാദമാണ് മറുപടിക്ക് തുറുപ്പുചീട്ടായി ഗ്രൂപ്പ് നേതൃത്വങ്ങള്‍ കരുതിയിരിക്കുന്നത്.

    പുതിയ ലിസ്റ്റിന് പ്രവര്‍ത്തകരുടെ പിന്‍തുണയുണ്ടെങ്കില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തി അത് തെളിയിക്കട്ടെയെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. കെപിസിസിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നതിന് തടയിടാന്‍ കൂടിയാണ് ഈ തന്ത്രം ഗ്രൂപ്പുകള്‍ പയറ്റാനൊരുങ്ങുന്നത്. ഇതുവരെ സംഘട തിരഞ്ഞെടുപ്പെന്ന വാദത്തെ എതിര്‍ത്തിരുന്നവരാണ് പുതിയ സാഹചര്യത്തില്‍ നിലപാട് മാററി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

    സമീകാലത്തൊന്നും നേരിടാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് കടന്നു പോവുന്നത്.ഒരുഭാഗത്ത് ഗ്രൂപ്പുകള്‍ ഒറ്റകെട്ടെങ്കില്‍ മറു ഭാഗത്ത് പുതിയ നേതൃത്വം. ആര്‍ക്കൊപ്പമാണ് പ്രവര്‍ത്തകരുടെ പിന്‍തുണയെന്നതാണ് ചോദ്യം. പുതിയ പ്രതിസന്ധികള്‍ക്ക് പരിഹാരമായി സംഘടന തിരഞ്ഞെടുപ്പാണ് കീഴ്ഘടകങ്ങള്‍ മുതല്‍ എ,ഐ ഗ്രൂപ്പുകള്‍ വരെ ആവശ്യപ്പെടുന്നത്. ഇനിയുള്ള പാര്‍ട്ടിവേദികളിലും ഹൈക്കമാന്‍ഡിന് മുന്നിലും ഈ ആവശ്യം ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.

    സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരുടെ പിന്‍തുണ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ.കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും തന്നെയാണെന്ന് ഇവര്‍ വാദിക്കുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് പോരില്ലാതെ ഇരുവരും ഒന്നിച്ചുനിന്നാല്‍ വലിയ പിന്‍തുണയുണ്ടാകുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.

    എന്നാല്‍ ഇത് ഒരു വാദമായി ഉന്നയിക്കുന്നതിനപ്പുറം സംഘടന തെരഞ്ഞെടുപ്പ് നടക്കാന്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉടനടി ഒരു സാദ്ധ്യതയുമില്ല. ദേശീയ തലത്തില്‍ ഈ ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നെങ്കിലും ഹൈക്കമാന്‍ഡ് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമായി മാത്രമേ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കൂകയുള്ളു.

    മുമ്പ് ഗ്രൂപ്പുകളുടെ അപ്രമാദിത്വ കാലത്ത് സംഘടന തിരഞ്ഞെടുപ്പെന്ന ആശയം ഉയര്‍ന്നെങ്കിലും ഇരു ഗ്രൂപ്പുകളും ഒന്നിച്ച് നിന്ന് ഈ വാദം തള്ളി. ഇപ്പോള്‍ സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം പൊടിതട്ടി ഉയര്‍ത്തുന്നത് പുതിയ സാഹചര്യങ്ങള്‍ മൂലമാണ്. ഫലത്തില്‍ ഉടന്‍ നടക്കാനിടയില്ലെങ്കിലും കെപിസിസിയുടെ പുതിയനേതൃത്വത്തിന്റെ വാദങ്ങള്‍ക്ക് തടയിടാന്‍ ഈ ആവശ്യം ഉന്നയിക്കുകയാണ് തന്ത്രം.

    1992 ല്‍ ആണ് കോണ്‍ഗ്രസ്സില്‍ അവസാനമായി സംഘടന തിരഞ്ഞെടുപ്പ് നടന്നത്. വയലാര്‍ രവിയാണ് സംഘടന തിരഞ്ഞെടുപ്പിലൂടെ ഒടുവില്‍ കെപിസിസി അദ്ധ്യക്ഷനായത്. പോഷകസംഘടനകളായ യൂത്ത് കോണ്‍ഗ്രസ്സിലും കെഎസ് യു വിലും പിന്നീട് തിരഞ്ഞെടുപ്പ് നടന്നെങ്കിലും മാതൃസംഘടനയായ കോണ്‍ഗ്രസ്സില്‍ നോമിനേഷന്‍ രീതിയാണ് തുടര്‍ന്ന് പോന്നിരുന്നത്.
    Published by:Karthika M
    First published: