തൃശൂർ : പ്രഭാവർമ്മയ്ക്ക് നൽകിയത് സമഗ്ര സംഭാവന പരിഗണിച്ചുള്ള പുരസ്കാരമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻ ദാസ്. ഏതെങ്കിലും ഒരു പ്രത്യേക കൃതിയെ പരിഗണിച്ചല്ല പുരസ്കാരം നിർണയിച്ചത്. ജ്ഞാനപ്പാന പുരസ്കാരം പ്രഭാവർമയ്ക്ക് നൽകിയത് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് കെ.ബി മോഹൻദാസ് ന്യൂസ് 18 നോട് പ്രതികരിച്ചത്.
കോടതി പ്രസക്തമായ പല കാര്യങ്ങളും പരിഗണിച്ചില്ലെന്നാണ് മനസിലാക്കുന്നത്. ശ്യാമ മാധവം കവിതാ സമാഹാരമാണെന്നാണ് വിധിയിൽ പറയുന്നത്. പക്ഷേ ശ്യാമ മാധവം ഒരു ഖണ്ഡകാവ്യമാണ്. അക്കാര്യങ്ങൾ കോടതി ശ്രദ്ധിച്ചിട്ടില്ലെന്ന് ചെയർമാൻ വിശദീകരിച്ചു. പ്രത്യേക നിയമാവലിയോ നിഷ്കർഷയോ പാലിച്ചല്ല മുൻ കാലങ്ങളിൽ പുരസ്കാരം നൽകിയത്. കവികൾ അല്ലാത്തവർക്കും സാഹിത്യകാരന്മാർ അല്ലാത്തവർക്കും പുരസ്കാരം നൽകിയിട്ടുണ്ട്. ദേവസ്വത്തിൻ്റെ ഭാഗം കോടതിയിൽ വിശദീകരിക്കും. കൊടുത്ത ആൾക്ക് വീണ്ടും കൊടുക്കാതിരിക്കുക എന്ന മാനദണ്ഡം മാത്രമെയുള്ളൂവെന്നും കെ ബി മോഹൻദാസ് വ്യക്തമാക്കി.
പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി തോന്നിയിട്ടില്ലെന്നും താൻ ഉൾപ്പെട്ട ജൂറിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും കെ ബി മോഹൻദാസ് വ്യക്തമാക്കി. പുരസ്കാരം എന്നത് സാഹിത്യകാരനെ അംഗീകരിക്കുക എന്നതാണ്. ഭക്തിയിൽ അധിഷ്ടിതമായ സാഹിത്യ രചനകൾക്ക് മാത്രമല്ല അത് അല്ലാത്തവർക്കും മുൻകാലങ്ങളിൽ അവാർഡ് നൽകിയിട്ടുണ്ട്. ശ്യാമ മാധവം എന്ന കൃതിയ്ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നാല് വർഷം മുമ്പ് ലഭിച്ചത്. അന്ന് വിവാദം ഉണ്ടാക്കാത്തവർ ഇന്ന് വിവാദം ഉണ്ടാക്കുന്നത് പ്രത്യേക താൽപര്യം വച്ചാണെന്നും ചെയർമാൻ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.