'പു.ക.സ. പരിപാടിയിൽ നിന്ന് മാറ്റിയത് സാമൂഹ്യവിമർശനം ഉൾക്കൊള്ളാനാവാത്തതിനാൽ:' ഹരീഷ് പേരടി
'പു.ക.സ. പരിപാടിയിൽ നിന്ന് മാറ്റിയത് സാമൂഹ്യവിമർശനം ഉൾക്കൊള്ളാനാവാത്തതിനാൽ:' ഹരീഷ് പേരടി
കോഴിക്കോട് ടൗൺഹാളിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലേക്ക് ക്ഷണപ്രകാരം വരുന്നതിനിടെയാണ് പു.ക.സ. ഭാരവാഹികൾ ഹരീഷ് പേരടിയെ ഫോണിൽ വിളിച്ച് പങ്കെടുക്കേണ്ട എന്നറിയിച്ചത്
കോഴിക്കോട്: പുരോഗമന കലാസാഹിത്യസംഘം (പു.ക.സ.) (Purogamana Kalaa Sahithya Samgham) കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് തന്നെ മാറ്റി നിർത്തിയത് സാമൂഹ്യവിമർശനത്തെ ഭയക്കുന്നതു കൊണ്ടാണെന്ന് നടൻ ഹരീഷ് പേരടി (actor Hareesh Peradi).
'ശാന്തനോർമ' എന്ന പേരിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായിരുന്നു നടൻ ഹരീഷ് പേരടി. ടൗൺഹാളിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലേക്ക് ക്ഷണപ്രകാരം വരുന്നതിനിടെയാണ് പു.ക.സ. ഭാരവാഹികൾ ഹരീഷ് പേരടിയെ ഫോണിൽ വിളിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു സംഘാടകർ ഹരീഷ് പേരടിയെ അറിയിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് പു.ക.സ ഭാരവാഹികൾ വ്യക്തമാക്കട്ടെയെന്ന് ഹരീഷ് പേരടി പറഞ്ഞു.
ഇത് സംബന്ധിച്ച് പേരടി കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: 'ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു... ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു... പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ..."ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം"നാടകം-പെരുംകൊല്ലൻ...'
അതേസമയം, താരസംഘടനയായ 'അമ്മ' തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചതെന്നും അമ്മക്ക് നന്ദിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി അറിയിച്ചു. പൂത്തിരി കത്തിച്ച് നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.
'സന്തോഷ വാര്‍ത്ത. എ.എം.എം.എയുടെ 15/6/2022 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു. അമ്മക്ക് നന്ദി,’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
വിജയ് ബാബുവിനെതിരായ ലൈംഗിക പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 'അമ്മ' സംഘടനക്ക് ഹരീഷ് പേരടി രാജി സമര്‍പ്പിച്ചത്. രാജിയില്‍ മാറ്റമുണ്ടോ എന്നറിയാന്‍ ഇടവേള ബാബു നേരത്തെ തന്നെ വിളിച്ച വിവരവും ഹരീഷ് പേരടി ജൂണ്‍ നാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ അമ്മ പുറത്താക്കിയാതാണെന്ന തിരുത്തലുകള്‍ക്ക് തയാറുണ്ടോ എന്ന് താനും ചോദിച്ചിരുന്നു. എന്നാല്‍ വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നും ഐ.സി. കമ്മിറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേള ബാബു ഉറക്കെ പ്രഖ്യാപിച്ചുവെന്നുമാണ് ഹരീഷ് പറഞ്ഞത്.
സംഘടനയെ ഞാന്‍ 'അമ്മ' എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും വിശദീകരണം തരേണ്ടി വരുമമെന്നും ഇടവേള ബാബു അറിയിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നുമാണ് ഹരീഷ് പേരടി പറഞ്ഞത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.