• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വനിതാ കമ്മീഷന് കൊടുത്ത പരാതിയുടെ കാര്യത്തിൽ എന്ത് വേണമെന്ന് ഹരിത പ്രവർത്തകർക്ക് തീരുമാനിക്കാം'; എം.കെ.മുനീർ

'വനിതാ കമ്മീഷന് കൊടുത്ത പരാതിയുടെ കാര്യത്തിൽ എന്ത് വേണമെന്ന് ഹരിത പ്രവർത്തകർക്ക് തീരുമാനിക്കാം'; എം.കെ.മുനീർ

തർക്കം ഉയർത്തിയ ഹരിതയിലെ നേതാക്കളുമായി ഇനി കാര്യമായ ചർച്ച വേണ്ടെന്നാണ് ലീഗിലെ പൊതുവികാരം

 • Share this:
  ഹരിതയുടെ തർക്ക വിഷയങ്ങൾ ഇന്നലത്തെ യോഗത്തിൽ ചർച്ചയായിട്ടില്ലെന്ന് എം.കെ.മുനീർ എം. എ. എ പറഞ്ഞു. പ്രവർത്തക സമിതിയിൽ നടന്ന കാര്യങ്ങളല്ല പുറത്ത് ചർച്ച ചെയ്യുന്നത്. ലീഗിൻ്റെ പോഷക സംഘടനകളിൽ സ്ത്രീകൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തുവാൻ തീരുമാനിച്ചത് നേരത്തെയുള്ള ചർച്ചയുടെ ഭാഗമായിട്ടാണ്. അതിനെ ഹരിത വിഷയവുയായി കൂട്ടി വായിക്കേണ്ട സാഹചര്യമില്ല.

  ഹരിതയിലെ പെൺക്കുട്ടികൾ ഇപ്പോഴും ലീഗിൻ്റെ ഭാഗമാണ്. അവർ പാർട്ടിയിൽ നിന്നും പുറത്ത് പോയിട്ടില്ല. ഈ സാഹചര്യത്തിൽ പന്ത് അവരുടെ കോർട്ടിലാണ്. അവരുമായുള്ള ചർച്ച അടഞ്ഞ ആധ്യായമാണ്‌. വനിതാ കമ്മീഷന് കൊടുത്ത പരാതിയുടെ കാര്യത്തിൽ എന്ത് വേണമെന്ന് ഹരിത പ്രവർത്തകർക്ക് തീരുമാനിക്കാമെന്നും അദേഹം വ്യക്തമാക്കി.

  തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും വിവാദ വിഷയങ്ങളും ഇന്നലെ ചേർന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ. എന്നാൽ അത്തരം വിഷയങ്ങൾചര്‍ച്ച ചെയ്യാതെയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം സമാപിച്ചത്. ചന്ദ്രിക വിവാദം, ഇ.ഡി അന്വേഷണം,ഹരിത തുടങ്ങിയ വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല.

  ഹരിത വിഷയത്തില്‍ വീണ്ടും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നത്.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഹരിത വിഷയത്തിലുള്ള നിലപാട് പറഞ്ഞത്. എല്ലാ വശങ്ങളും വീണ്ടും പാര്‍ട്ടി പരിശോധിക്കുമെന്നും, വിഷയത്തില്‍ ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എടുത്ത തീരുമാനങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവരുന്ന കുട്ടികളാണ് ഇവരെല്ലാവരും. നല്ല കഴിവുള്ളവരാണ് എല്ലാവരും. പ്രശ്‌നങ്ങള്‍ എല്ലാം ഭംഗിയായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ കാര്യങ്ങൾ ഒന്നും ഇന്നലത്തെ യോഗത്തിൽ ചർച്ചയായില്ല.

  തർക്കം ഉയർത്തിയ ഹരിതയിലെ നേതാക്കളുമായി ഇനി കാര്യമായ ചർച്ച വേണ്ടെന്നാണ് ലീഗിലെ പൊതുവികാരം. ആ നിലപാട് തന്നെയാണ് എം. കെ. മുനീറിൻ്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്. ഇനി ഈ കാര്യത്തിൽ ഹരിതയിലെ പെൺക്കുട്ടികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

  വനിതാ വിദ്യാര്‍ത്ഥിസംഘടനയായ ഹരിതയെടുത്ത നടപടിയും നിലപാടും മുസ്ലിംലീഗിനകത്തും കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായിരുന്നു. കാലങ്ങളായി കണ്ടു ശീലിച്ച രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ളിലെ പുരുഷ നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്ത പുതിയ തലമുറയുടെ പോരാട്ടമായിട്ടാണ് ഹരിതയുടെ നീക്കങ്ങളെ രാഷ്ട്രീയ കേരളം കണ്ടത്. ലിംഗസമത്വം, അടിസ്ഥാന മനുഷ്യാവകാശം, പരസ്പര ബഹുമാനം, തുല്യനീതി തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുന്ന പുതിയ രാഷ്ട്രീയ പ്രതീക്ഷ തന്നെയാണ് ഹരിതയുടെ പുറത്തായ നേതൃത്വം മുന്നോട്ടു വെച്ചത്.

  പരമ്പരാഗതമായി പിന്‍തുടര്‍ന്നു പോകുന്ന നയങ്ങളും നിലപാടുകളുമല്ല ഇനിയും തുടരേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. പൊതുസമൂഹത്തിനോ കേരളത്തിലെ പുരുഷ കേന്ദ്രിത പാര്‍ട്ടികള്‍ക്കോ ഈ ഭാഷ എളുപ്പം ദഹിക്കണമെന്നില്ല. അതിന്റെ ഉദാഹരണമാണ് ഹരിതയെ മരവിപ്പിച്ചും പിന്നീട് പിരിച്ചുവിട്ടും നേതാക്കളെ പുറത്താക്കിയും തുടരുന്ന നേതൃത്വത്തിന്റെ രീതി. പരമ്പരാഗത ആണ്‍ ആധിപത്യ പാര്‍ട്ടികള്‍ക്ക് പുതിയ പെണ്‍മുന്നേറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള ആശയക്കുഴപ്പവും പ്രാപ്തിയില്ലായ്മയും കൂടിയാണ് മുസ്ലിംലീഗിന്റെ ഈ സമീപനത്തിലൂടെ വ്യക്തമാവുന്നത്.
  Published by:Karthika M
  First published: