വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സ് തുറന്നുനോക്കിയപ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങളായ ഷീലയും ജെസീനയും ശരിക്കും ഞെട്ടി. പേഴ്സിനുള്ളില്‍ അഞ്ഞൂറിന്‍റെ ഒരടുക്ക് നോട്ട്. എണ്ണിനോക്കിയപ്പോള്‍ 25000 രൂപ ! . രണ്ടാമതൊന്ന് ആലോചിക്കാന്‍ നിക്കാതെ ഉടമയെ കണ്ടെത്താനുള്ള പരിശ്രമം ഇരുവരും ആരംഭിച്ചു. അവസാനം പേഴ്സില്‍ നിന്ന് കിട്ടിയ ഡോക്ടറുടെ കുറിപ്പടിയില്‍ നിന്ന് ഉടമയെ കണ്ടെത്തിയതോടെ ഷീലയും ജെസീനയും ശരിക്കും നാട്ടിലെ താരങ്ങളായി.
ഹരിത കർമ്മ സേനാംഗങ്ങളും തച്ചംപിള്ളി സ്വദേശികളുമായ ചെറുപ്പറമ്പിൽ ഷീല ( 49 ), പള്ളിക്കര ജെസീന (36) എന്നിവർ രാവിലെ വെളുത്തൂരിലുള്ള അരിമ്പൂർ പഞ്ചായത്തിന്റ എം.സി.എഫ്. ലേക്ക് വരും വഴി റോഡരുകിലെ കാനയോട് ചേർന്ന് ഒരു ലേഡീസ് പഴ്സ് കിടക്കുന്നതു കണ്ടത്. അടുത്തെങ്ങും ആരെയും കാണാനില്ലാത്തതിനാൽ പഴ്സ് എടുത്ത് രണ്ടു പേരും ജോലി സ്ഥലത്തെത്തി. ജോലിക്കാർ ഓരോരുത്തരായി വന്നു തുടങ്ങുന്ന സമയമായിരുന്നു. ഇതിനിടെ ഷീലയും ജസീനയും പേഴ്സ് തുറന്ന് നോക്കിയപ്പോൾ ഞെട്ടി. 500 ന്റെ ഒരു അടക്ക് നോട്ടുകൾ. എണ്ണി നോക്കിയപ്പോൾ 25,000 രൂപ.
ഉടമസ്ഥനെ എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലായ ഇരുവരും ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. കളഞ്ഞു കിട്ടിയ പണം എത്രയും പെട്ടന്ന് ഉടമക്ക് തിരികെ നൽകാനുള്ള വ്യഗ്രതയിൽ ഷീലയും ജസീനയും ഉടമയുടെ വിലാസമോ മറ്റ് എന്തെങ്കിലും വിവരങ്ങളോ കിട്ടാനായി പഴ്സ് മുഴുവൻ പരിശോധിച്ചു. ആകെ കിട്ടിയത് ഒരു ഡോക്ടറുടെ കുറിപ്പടിയായിരുന്നു. പ്രതീക്ഷ കൈവിടാതെ കടലാസില്‍ കണ്ട ഡോക്ടറുടെ നമ്പറിൽ വിളിച്ച് ലിസ്റ്റിലെ പേരും മരുന്ന് വിവരവും ധരിപ്പിച്ചു. ഡോക്ടർക്ക് നേരിട്ടറിയാവുന്ന ആളുകളായതിനാൽ പേഴ്സിന്റെ ഉടമയെ ഉടൻ കണ്ടെത്താനായി.
തൃശൂർ കീരംകുളങ്ങര സ്വദേശിനി അനുവിന്റെതായിരുന്നു കളഞ്ഞു പോയ പേഴ്സ്. കഴിഞ്ഞ ദിവസം വെളുത്തൂരിൽ സുഹൃത്തിന്റെ വീട്ടിൽ വന്നു പോകുന്നതിനിടെ കളഞ്ഞു പോയതായിരുന്നു. പേഴ്സ് ഉടമയായ അനു നേരിട്ടെത്തി ഹരിതകര്‍മ്മസേനാംഗങ്ങളില്‍ നിന്ന് പേഴ്സ് ഏറ്റുവാങ്ങി തൊഴിലാളികൾക്ക് ഉപഹാരവും നൽകി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈ.പ്രസിഡന്റ് ഷിമി ഗോപി, വാർഡംഗങ്ങളായ കെ.രാഗേഷ്, സി.പി.പോൾ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളെ അനുമോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Haritha kerala mission, Thrissur