HOME » NEWS » Kerala » HARITHA LEADERS COMPLAINT TO THE MUSLIM LEAGUE LEADERSHIP ON MSF LEADERS ABUSE WOMEN AR TV

എം.എസ്.എഫ് നേതാക്കള്‍ വനിതകളെ അപമാനിക്കുന്നു; ലീഗ് നേതൃത്വത്തിന് ഹരിതയുടെ പരാതി

'വനിതാ നേതാക്കള്‍ വിവാഹം കഴിക്കാത്ത, പ്രത്യേക തരം മടിയുള്ളവരും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരുമാണ്'- എന്ന് അധിക്ഷേപിച്ചതായി ഹരിതയുടെ പരാതിയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: July 11, 2021, 12:49 PM IST
എം.എസ്.എഫ് നേതാക്കള്‍ വനിതകളെ അപമാനിക്കുന്നു; ലീഗ് നേതൃത്വത്തിന് ഹരിതയുടെ പരാതി
MSF_Haritha
  • Share this:
കോഴിക്കോട്: എം. എസ്. എഫ് യോഗം സ്ത്രീവിരുദ്ധ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നുവെന്ന പരാതിയുമായി വനിതാ നേതാക്കള്‍. സംഘടനക്കുള്ളില്‍ വനിതാ നേതാക്കള്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഹരിത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കി. ജൂണ്‍ 27ന് ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.

കഴിഞ്ഞ മാസം 22ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനെതിരയാണ് വനിതാ വിഭാഗമായ ഹരിതയുടെ പ്രധാന പരാതി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റുള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. ഹരിത നേതാക്കളുടെ വിശദീകരണത്തെ വേശ്യയുടെ ചാരിത്ര്യ പ്രസംഗമെന്നാണ് എം. എസ്. എഫ് പ്രസിഡന്‍റ് വിശേഷിപ്പിച്ചത്. പ്രസിഡന്‍റിന്‍റേത് നാക്ക് പിഴയല്ലായിരുന്നില്ല. തുടര്‍ന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടായി. എം. എസ്. എഫ് സംസ്ഥാന ഭാരവാഹികളെല്ലാം ഇതിന് സാക്ഷികളായിരുന്നുവെന്നും വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡണ്ട് മുഫീദ തസനിയും സെക്രട്ടറി നജ്മ തബ്ഷിറയും നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയിക്കുന്ന തരത്തിലാണ് എം. എസ്. എഫ് പ്രസിഡന്‍റിന്റെ സംസാരം. എം. എസ്. എഫ് സംസ്ഥാന ഭാരവാഹികള്‍ വനിതാ നേതാക്കളെക്കുറിച്ച് അപമാനകരമായ പ്രചാരണം നടത്തുകയാണ്. വനിതാ നേതാക്കള്‍ വിവാഹം കഴിക്കാത്ത, പ്രത്യേക തരം മടിയുള്ളവരും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരുമാണ്. വനിതാ നേതാക്കള്‍ പ്രത്യേക തരം ഫെമിനിസത്തിന്റെ വക്താക്കളാണ്. ഈ പരാമര്‍ശങ്ങള്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റും മലപ്പുറം ജില്ലയിലെ പേരറിയാവുന്ന ചില നേതാക്കളും പ്രചരിപ്പിക്കുകയാണ്. മറ്റു പലയിടങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് ഇങ്ങിനെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ച്ചിത്തിച്ചതുകൊണ്ടു മാത്രമുണ്ടായ ഗതികേടാണിത്.

മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റു ചില നിബന്ധനകളുമുള്ള മട്ടില്‍ സ്വകാര്യ കാംപെയിനുകളും ഇതേ നേതാക്കള്‍ പടച്ചുവിടുന്നുണ്ട്. ഹരിതയുടെ നേതാക്കളെ വിളിച്ച് അസഭ്യം നിറഞ്ഞതും അപമാനിക്കുന്നതുമായ  രീതിയില്‍ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുകയാണ്. ഇതിന്റെ ടെലിഫോണ്‍ റെക്കോഡുകള്‍ കയ്യിലുണ്ട്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്നതാണ്.

ഇത് വനിതകളുടെ സ്വതന്ത്ര അസ്ഥിത്വത്തെ റദ്ദ് ചെയ്യാനുള്ള നീക്കമാണ്. ഇത്തരം പ്രചാരണങ്ങള്‍ വനിതകളെ സംഘടനയില്‍ നിന്ന് അകറ്റുകയാണ്. ക്യാംപസുകളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനമാണ് ഹരിത കഴിഞ്ഞ കാലയളവില്‍ നടത്തിയത്. ഈ പെണ്‍കുട്ടികളെ വൃത്തിഹീനമായ രൂപത്തില്‍ പ്രചരിപ്പിക്കുന്നത് സംഘടനാപരമായും വ്യക്തപരമായും വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. സംഘനടയുടെ പരിപാടികളില്‍ നിന്ന് നേതാക്കളെ മാറ്റിനിര്‍ത്താന്‍ എം.എസ്.എഫ് പ്രസിഡണ്ടിന്‍രെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ട്. ലീഗ് സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

നേരത്തെ ഹരിത മലപ്പുറം ജില്ലാ നേതാക്കളെ എം.എസ്.എഫ് പ്രസിഡന്‍റ് സ്വന്തം നിലയില്‍ നിയമിച്ചതിനെതിരെ വനിതാ നേതാക്കള്‍ ചോദ്യം ചെയ്തത് വിവാദമായിരുന്നു.
Published by: Anuraj GR
First published: July 11, 2021, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories