തൊടുപുഴ: മിഷൻ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നിലപാടിനെതിരെ ഇടുക്കിയിലെ 7 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. ചിന്നക്കനാൽ പ്രദേശത്ത് ജന ജീവിതത്തിനു ശല്യം ഉണ്ടാക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്ന് നാട്ടുകാർ വ്യക്തമാക്കി. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ 13 പഞ്ചായത്തുകളിലായിരുന്നു ആദ്യം ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നിന്ന് ഇടമലക്കുടി, രാജകുമാരി, ബൈസൺവാലി, സേനാപതി, ഉടുമ്പൻ ചോല എന്നീ പഞ്ചായത്തുകളെ പിന്നീട് ഒഴിവാക്കി.
മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു.
ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ജനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സമ്മതിക്കില്ലെന്നും ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
പി.ടി. സെവനെ കൈകാര്യം ചെയ്തത് മോശമായി പോയെന്നും അതുപോലെ അരിക്കൊമ്പനെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഗത്യന്തരമില്ലാത്ത ശല്യം അവസ്ഥ മനുഷ്യവാസ പ്രദേശത്തിന് അടുത്ത് ഉണ്ടായാൽ മാത്രം കൊമ്പനെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനും വനം വകുപ്പിനോട് കോടതി നിർദേശം നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Hartal, Idukki, Wild Elephant