സുമിത് പാണ്ഡെന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ആദ്യമായി അധികാരത്തിൽ എത്തിയ 2014ന് ശേഷമാണ് രാജ്യത്ത് ബിജെപി കൂടുതൽ കരുത്താർജ്ജിച്ചത്. കേന്ദ്രഭരണത്തിനൊപ്പം കൂടുതൽ സംസ്ഥാനങ്ങളിൽ പാർട്ടി അധികാരത്തിലെത്തി. ചിലയിടത്ത് പ്രാദേശികകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ ഉണ്ടാക്കുന്നതിലും ബിജെപി വിജയിച്ചു. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലും ഹരിയാനയിലും 2014 ൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറി. ജാർഖണ്ഡിൽ മികച്ച വിജയത്തോടെ രഘുബർ ദാസിന്റെ കീഴിൽ സർക്കാർ രൂപീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ കൂടുതൽ പരീക്ഷണങ്ങൾക്ക് പാർട്ടി നേതൃത്വം മുതിർന്നു. അങ്ങനെയാണ് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് എന്ന ബ്രാഹ്മണനെ മുഖ്യമന്ത്രിയായി നാമനിർദേശം ചെയ്തത്. ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോഹർ ലാൽ ഖട്ടാറിനെയാണ് പാർട്ടി നിയോഗിച്ചത്. ആദിവാസി പ്രബല സംസ്ഥാനമായ ജാർഖണ്ഡിൽ സർക്കാരിനെ നയിക്കാൻ പട്ടികവർഗ വിഭാഗക്കാരനല്ലാത്ത രഘുബർ ദാസിനെ നിയോഗിച്ചു.
ഈ മൂന്ന് സംസ്ഥാനങ്ങളിലും ജനസംഖ്യാ ആനുപാതികമായി ശക്തരായ സമുദായങ്ങളിലെ പ്രതിനിധികളെയല്ല ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പിന്നീട് 2017 ൽ, യുപിയിലെ നേതൃത്വ പ്രശ്നം പരിഹരിക്കുന്നതിന് പാർട്ടി സവർണ വിഭാഗത്തിൽപ്പെട്ട യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി.
ജനസംഖ്യാപരമായി ന്യൂനപക്ഷമായ സമുദായങ്ങളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിമാരായി വന്നതെങ്കിലും എല്ലാ സമുദായങ്ങൾക്കും സ്വീകാര്യതയുള്ളവരായിരുന്നു ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്തിയാക്കിയ അശോക് ഗെലോട്ടും സംസ്ഥാനത്ത് ന്യൂനപക്ഷമായ ഒബിസി വിഭാഗത്തിൽനിന്നുള്ള ആളാണ്. എന്നാൽ അദ്ദേഹത്തിന് ജാട്ട്, രജ്പുത് തുടങ്ങിയ മുന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ആവോളമുണ്ടായിരുന്നു.
ദേശീയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ സ്വാധീനം ചെലുത്തുന്നതായാണ് 2014ന് ശേഷം നമ്മൾ കണ്ടത്. 2014 മെയ് മാസത്തെ പൊതുതെരഞ്ഞെടുപ്പിലെന്നപോലെ, ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ബിജെപിക്കുവേണ്ടി വോട്ട് ചെയ്തത് അതുകൊണ്ടാണ്.
എന്നാൽ പതുക്കെ ഓരോ സംസ്ഥാനങ്ങളിലെയും പ്രബല സമുദായങ്ങൾ ബിജെപിക്ക് എതിരെ തിരിയാൻ തുടങ്ങുന്നതാണ് നമ്മൾ കണ്ടത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് പ്രബല ജാതികളുടെ സ്വത്വം ഉറപ്പിക്കുന്നതിന്റെ അടയാളങ്ങൾ ആദ്യമായി പ്രകടമായത്. എന്നാൽ നഗരപ്രദേശങ്ങളിലെ സീറ്റുകളിലെ ആധിപത്യത്താൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞു. പക്ഷേ നിയമസഭയിൽ ബിജെപിയുടെ മുന്നേറ്റത്തെ കുറയ്ക്കാൻ പട്ടേൽ വിഭാഗത്തിന് സാധിച്ചുവെന്നത് കാണാതിരിക്കാനാകില്ല.
ഈ വർഷം ആദ്യം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രബല കാർഷിക സമൂഹമായ ജാട്ട്സ് ബിജെപിയിൽ നിന്ന് മാറി അധികാരത്തിനുവേണ്ടി പ്രത്യേകം മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം നടത്തിയ ഇടപെടലിലൂടെ അവിടെ കഷ്ടിച്ച് അധികാരം നിലനിർത്താൻ ബിജെപിക്ക് സാധിച്ചു. ജാട്ട് വിഭാഗത്തിന്റെ പാർട്ടിയായ ജെജെപിയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം നൽകിയാണ് ബിജെപി പ്രശ്നം പരിഹരിച്ചത്.
മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാൻ ന്യൂനപക്ഷങ്ങളുമായി ചേർന്ന് അവിടുത്തെ പ്രബല സമുദായമായ മഹാ ശ്രമിച്ചത് പഴയ ‘ട്രിപ്പിൾ എം’ ഫോർമുല പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ്. എല്ലാത്തിനുമൊടുവിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് ലഭിച്ചെങ്കിലും അധികാരം നിയന്ത്രിക്കുന്നത് ശരദ് പവാർ ആയിരിക്കും എന്നതാണ് അവിടുത്തെ സ്ഥിതി.
അഞ്ച് വർഷത്തേക്ക് സുസ്ഥിരമായ ഒരു സർക്കാർ ഉണ്ടാക്കുന്നതിന് ജാർഖണ്ഡിലും ബിജെപി ഒരു ഗോത്രേതര മുഖ്യമന്ത്രിയുമായി പരീക്ഷണം നടത്തി. ബിജെപിയുമായുള്ള സഖ്യം ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്യു) വേണ്ടെന്ന് വെച്ചത് ആദ്യ തിരിച്ചടിയായി. ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലെ ഏറ്റവും പ്രബലരായ ആദിവാസി വിഭാഗമായ കുർമിമാർക്കിടയിൽ അടിത്തറയുള്ള രാഷ്ട്രീയ കക്ഷിയാണ് എജെഎസ്യു എന്ന കാര്യം മറക്കരുത്.
അതിനൊപ്പം ജാർഖണ്ഡ് മുക്തി മോർച്ച നഗര-അർദ്ധനഗര പ്രദേശങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുകയും ഗോത്രേതര വോട്ടർമാർക്കിടയിൽ ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. ബൊക്കാറോ, ധൻബാദ്, ജംഷദ്പുർ തുടങ്ങിയ നഗരങ്ങളിലും ബിഹാറുമായി അതിർത്തി പങ്കിടുന്ന ചില ജില്ലകളിലും ബിജെപിയെ പ്രചാരണത്തിൽ പിന്നിലാക്കാൻ മഹാസഖ്യത്തിന് സാധിച്ചു. ഇതൊക്കെ വോട്ടായി മാറിയതോടെ ബിജെപി അനിവാര്യമായ പരാജയത്തിലേക്ക് എത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.