കോട്ടയം: കേരള പൊലീസിനെ(Police) രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ പിസിജോര്‍ജ്(PC George). വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടു നോട്ടീസ് കിട്ടിയെന്നും ആരു മൈന്‍ഡ് ചെയ്യുന്നുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
'ഇത് പൊലീസല്ല. പിണറായിയുടെ ഊളന്മാരാണ്. കേരള പൊലീസ് വരട്ടെ അനുസരിക്കാം' പിസി ജോര്‍ജ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കായി പ്രചരണത്തിനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോര്‍ട്ട് പൊലീസ് അസി. കമ്മീഷണര്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
എന്നാല്‍ പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് പൊലീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് ഫോര്‍ട്ട് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നം കാരണം മറ്റൊരു ദിവസം ഹാജരാകാമെന്നാണ് പി സി ജോര്‍ജ് മറുപടി നല്‍കിയത്. ഇതോടെയാണ് പൊലീസ് ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് നല്‍കിയത്.
തൃക്കാക്കരയില്‍ എത്തുന്നത് തടയാനാണ് പൊലീസ് നീക്കമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും ജോര്‍ജ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെയും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും നിലപാട് വ്യക്തമാക്കേണ്ടത് ഭരണഘടനപരമായ അവകാശമാണെന്ന് പിസി ജോര്‍ജ് പറയുന്നു. തൃക്കാക്കരയില്‍ പോകുന്നത് രാഷ്ട്രീയ നിലപാട് പ്രഖ്യാപ്പിക്കാനാണെന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി പൂര്‍ണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ നല്‍കുന്നതിനും തയ്യാറാണെന്നും പിസി ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അദ്ദേഹം ഫോര്‍ട്ട് പൊലീസിനെ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.