• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attappady Madhu Murder | അട്ടപ്പാടി മധു വധക്കേസ് വിചാരണ പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

Attappady Madhu Murder | അട്ടപ്പാടി മധു വധക്കേസ് വിചാരണ പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ

  • Share this:
    പാലക്കാട്: മോഷണക്കുറ്റമാരോപിച്ച്‌ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ നടന്നുവന്ന വിചാരണ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പത്തുദിവസത്തേക്കാണ് വിചാരണ ജസ്റ്റിസ്​ മേരി ജോസഫ് സ്റ്റേ ചെയ്തത്. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

    വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതിയ്ക്ക് നന്ദിയുണ്ടെന്ന് മധുവിന്‍റെ കുടുംബം പ്രതികരിച്ചു. സാക്ഷികൾ കൂറുമാറിയതിൽ ആശങ്കയുണ്ടായിരുന്നുവെന്നും, അതിനാലാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും മധുവിന്‍റെ കുടുംബം പറഞ്ഞു.

    കേസിൽ ഹാജരാകുന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന് കേസ് നടത്താന്‍ പരിചയക്കുറവുണ്ടെന്നും ഇദ്ദേഹത്തെ മാറ്റണമെന്നും അതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ്​ മധുവിന്‍റെ മാതാവ് കോടതിയിൽ ഹർജി നൽകിയത്​. സാക്ഷി വിസ്താരത്തിന്‍റെ പ്രാഥമിക തത്ത്വങ്ങള്‍ പോലും പാലിക്കാതെയുള്ള സാക്ഷി വിസ്താരമാണ്​ നടക്കുന്നതെന്ന്​ ഹർജിയില്‍ പറയുന്നു.

    പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു നേരത്തെ മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വ്യക്തമാക്കി. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശം നൽകി. ഇതിന് പിന്നാലെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണല്‍ പ്രോസിക്യൂട്ടറെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    Also Read- Attappady Madhu Case | അട്ടപ്പാടി മധുവധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം

    കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറുകയും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
    Published by:Anuraj GR
    First published: