ശ്രീറാമിന് ഹൈക്കോടതിയുടെ നോട്ടീസ്; ജാമ്യത്തിന് സ്റ്റേയില്ല; സർക്കാരിന്റെ അപ്പീൽ വെള്ളിയാഴ്ചത്തേക്ക് മാറ്റി

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്നും കോടതി ചോദിച്ചു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

 • News18
 • Last Updated :
 • Share this:
  കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൽ ശ്രീറാമിന് കോടതി നോട്ടിസ് അയച്ചു. കേസില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്നും കോടതി ചോദിച്ചു. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്നും കോടതി ചോദിച്ചു.

  ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നു നിരീക്ഷിച്ച കോടതി, ഗവർണർ ഉൾപ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ടാണ് സിസിടിവി ഇല്ലാത്തതെന്നും ചോദിച്ചു. എന്തിനാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നരഹത്യക്കുറ്റം നിലനിൽക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്നും കോടതി ചോദിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല. ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ. അപകടം ഉണ്ടായാൽ‌ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും കോടതി ചോദിച്ചു.

  ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്ന് ആരാഞ്ഞപ്പോൾ ശ്രീറാമിന് പരുക്കേറ്റിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനെ കബളിപ്പിച്ചുവെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

  First published:
  )}