• HOME
  • »
  • NEWS
  • »
  • kerala
  • »
  • അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിൽ; സംസ്ഥാനത്ത് ചുമട്ടുതൊഴിൽ നിരോധിക്കണമെന്ന് ഹൈക്കോടതി

അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിൽ; സംസ്ഥാനത്ത് ചുമട്ടുതൊഴിൽ നിരോധിക്കണമെന്ന് ഹൈക്കോടതി

തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു

  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാനത്ത് ചുമട്ടുതൊഴില്‍ നിരോധിക്കണമെന്ന് ഹൈക്കോടതി. തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് നോക്കുകൂലിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിയ്ക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ പറഞ്ഞു. കാലമിത്രയും പുരോഗമിച്ച് 21ാ൦ നൂറ്റാണ്ടിലും മനുഷ്യനേക്കൊണ്ട് ചുമടെടുപ്പിക്കുന്നത് പരിഷ്‌കൃത സമീഹത്തിന് ഭൂഷണമല്ല. ലോകത്തെ വിദേശ രാജ്യങ്ങളില്‍ പലതും ചുമട്ടുജോലി ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു. സ്വന്തം പൗരന്‍മാരെ ഈ തൊഴിലിനായി ഉപയോഗിയ്ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ മാറി. ഈ തൊഴിൽ തുടരുന്നത് രാജ്യത്തിന് നാണക്കേടാണെന്നും കോടതി പറഞ്ഞു.

യന്ത്രസംവിധാനങ്ങള്‍ എല്ലാ തൊഴില്‍ മേഖലകളിലും സഹായത്തിനെത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമട്ടുതൊഴില്‍ തുടരണമെന്നാണ് ആഗ്രഹം. രാഷ്ട്രീയ വിധേയത്വവെച്ച് ആര്‍ക്കും ചുമട്ടുതൊഴിലാളിയാവാം. അടിപിടിയും ഗുണ്ടായിസവുമല്ല ചുമട്ടുതൊഴിലെന്ന് തൊഴിലാളികളും മനസിലാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തിൽ സർക്കാർ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികൾ അങ്ങനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥ താത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസവും നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സമാനമായ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. ചുമട്ടുതൊഴിൽ ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും അത് നിർത്തേണ്ട കാലം കഴിഞ്ഞെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ചുമട്ടുതൊഴിലാളികൾ ഏറെയും നല്ലവരാണ്. ഇവർ കഠിനാദ്ധ്വാനികളാണ്. എന്നാൽ 50-60 വയസാവുന്നതോടെ ഇവരുടെ ആരോഗ്യം നശിച്ച് ജീവിതം അവസാനിക്കും. ഈ സ്ഥിതി മാറണമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.

ലോകത്ത് ഇവിടെ മാത്രമേ ചുമട്ടുതൊഴിൽ ഉണ്ടാകൂ. ചുമട്ടുതൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്ടിക് മാലിന്യങ്ങൾ നീക്കംചെയ്യാനും വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. ഇതിന് സമാനമായാണ് ചുമടെടുക്കാൻ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു. നോക്കുകൂലിയാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടികെ സുന്ദരേശൻ ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം

നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചിരുന്നു.  അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണ് നിലിവിലെന്ന് ഹൈക്കോടതി മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. നമ്മള്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് പോത്തന്‍കോട് കൊലപാതകത്തെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇതര സംസ്ഥാനക്കാരായ 50 ലക്ഷത്തിലധികം ആളുകള്‍ കേരളത്തില്‍ പണിയെടുക്കുന്നു. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് ഇവിടെ തൊഴിലില്ല എന്നതാണ് അവസ്ഥ. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ യുവതലമുറയെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിയ്ക്കുമെന്നും കോടതി പറഞ്ഞു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശങ്ങൾ .
Published by:Naveen
First published: